അടൂർ : അടുർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ പാലത്തിനു സമീപത്തു നിന്നു തുടങ്ങിയ ഓടയുടെ പണി ഒരു മാസമായിട്ടും പൂർത്തിയാക്കാതെ കരാറുകാരന്‍ തികഞ്ഞ അനാസ്ഥ കാണിക്കുകയാണെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു. എത്രയുംവേഗം പണി പൂര്‍ത്തിയാക്കി വ്യാപാരികള്‍ക്ക് നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.
ലോക്ക് ഡൌണ്‍ മൂലം രണ്ടു മാസത്തിലേറെയായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് കടകള്‍ തുറന്നപ്പോള്‍ ഓടയുടെ പണിയും തുടങ്ങി. വ്യാപാര സ്ഥാപനങ്ങളില്‍ കയറുവാന്‍ പറ്റാത്ത നിലയില്‍ ഇവിടെ ഓട വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ചില ദിവസങ്ങളില്‍ കടകള്‍ തുറക്കുവാന്‍ പോലും സാധിക്കില്ല. കരാറുകാരന്റെ അനാസ്ഥക്കെതിരെ പൊതുമരാമത് വകുപ്പില്‍ നാട്ടുകാരും വ്യാപാരികളും പരാതി നൽകിയിരുന്നു. എന്നാല്‍ ഇതിന് നടപടി ഒന്നും ഉണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വേണ്ടത്ര തൊഴിലാളികളോ മതിയായ ഉപകരണങ്ങളോ ഇല്ലാത്ത കരാറുകാരനാണ് പണി നല്‍കിയിരിക്കുന്നതെന്നും അതിനാലാണ് നിര്‍മ്മാണം വൈകുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഓടയുടെ കുറച്ചു ഭാഗത്തെ പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. മഴക്കാലമായതും ബാക്കി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതും വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. യന്ത്രം തകരാറായതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി പണി നടക്കുന്നില്ല. ജോലിക്കാർ കുറവായതാണ് പണി വൈകാൻ കാരണമെന്ന് കരാറുകാരൻ പറയുന്നു.
അതേ സമയം കനത്ത മഴയും ജോലിക്കാരുടെ കുറവും കാരണം കെഎസ്ആർടിസി ജംക്‌ഷനിലെ ഇരട്ടപ്പാലത്തിന്റെ പണിയും നിലച്ചു. ലോക്ഡൗണിനു ഇളവു വന്നതിനു ശേഷം പണി തുടങ്ങിയിരുന്നുവെങ്കിലും പിന്നീട് മഴ എത്തിയതും അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി . അടൂരിലെ നിലവിലുള്ള പാലത്തിനോട് ചേർന്ന് തെക്കു വശത്തായി നിർമിക്കുന്ന പാലത്തിന്റെ രണ്ടറ്റത്തുമുള്ള ബീമുകളുടെ പണി മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. വടക്കു വശത്തെ പാലത്തിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനാൽ ഈ ഭാഗത്തെ ഓട നിർമ്മാണവും പ്രതിസന്ധിയിലായിരിക്കുകയാണ്.