അടൂർ : ബൈപാസിൽ വാഹനങ്ങളുടെ അമിത വേഗം അപകടങ്ങൾക്ക് കാരണമാകുന്നു. എംസി റോഡിൽ നെല്ലിമൂട്ടിൽപടി മുതൽ ബൈപാസ് അവസാനിക്കുന്ന കരുവാറ്റ ഭാഗം വരെ അഞ്ചിലധികം വളവുകളും പത്തിലധികം ഉപറോഡുകളുമാണ് ഉള്ളത്. ബൈപാസ് നിർമിച്ച ഘട്ടത്തിൽ പ്രദേശം ജനവാസമേഖലയായിരുന്നില്ല. അതിനാൽ വളവുകൾ പരമാവധി ഒഴിവാക്കി നിർമാണം നടത്തുന്നതിലേക്ക് കൂടുതൽ സ്ഥലം ഏറ്റെടുക്കാനാകുമായിരുന്നു. എന്നാൽ ഇതിലുണ്ടായ വീഴ്ചയാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കി ബൈപാസ് നവീകരിക്കുന്നതിലേക്ക് കെഎസ്‌ടിപി നൽകിയ നിർദേശങ്ങളും അംഗീകരിച്ചിട്ടില്ല. ഉപറോഡുകളിൽനിന്നും ബൈപാസിലേക്കു കയറുന്ന വാഹനങ്ങൾക്ക് ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. അതേ പോലെ വാഹനങ്ങൾക്ക് പാർക്കിംഗിന് സ്ഥലം ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. ബൈപാസ് റോഡ് അപകടമുനമ്പായി മാറിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം നിലനിൽക്കുകയാണ്.
റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനങ്ങളില്ല. തടി കയറ്റി വരുന്ന ലോറികൾ, കണ്ടെയ്‌നറുകൾ, ട്രെയിലറുകൾ, പെട്രോ ൾ ടാങ്കറുകൾ, ചരക്കുലോറികൾ എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെ പാർക്ക് ചെയ്യാറുണ്ട്. ബൈപാസിലെ കെട്ടിട നിർമാണഘട്ടത്തിൽ പാർക്കിംഗ് ക്രമീകരണം വേണമെന്നതും പരിഗണിക്കപ്പെടാറില്ല. പാർക്കിംഗ് സ്ഥലം ചൂണ്ടിക്കാട്ടി നഗരസരയിൽനിന്ന് കെട്ടിട നിർമാണ അനുമതി വാങ്ങുന്നവർ നിർമാണം പൂർത്തീകരിക്കുമ്പോൾ പാർക്കിംഗ് സ്ഥലം കെട്ടിയടയ്ക്കുകയാണ് പതിവ്. ഇതോടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യേണ്ടിവരുന്നു. രാത്രി കാലങ്ങളിലടക്കം പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകളാണ് ബൈപാസ് റോഡരികിലുള്ളത്. ഇവിടങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളധികവും റോഡരികിലാണ് പാർക്കിംഗ് സ്ഥലം കണ്ടെത്തുന്നത്.