പത്തനംതിട്ട: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ശവസംസ്കാര ചടങ്ങില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അടൂര്‍ ഏനാത്ത് പള്ളി വികാരിയെയും ഭാരവാഹികളേയും അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് ഇടവക വികാരി റജി യോഹന്നാന്‍ രംഗത്ത്. ഇത് സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം നടന്നത് തുവയുര്‍ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയിലാണ്. ഇന്ന് രാവിലെ നടന്ന ശവസംസ്‌കാര ശുശ്രുഷയിൽ ദേവാലയത്തിൽ 15 പേരും പുറത്ത് 40-ഓളം ആളുകളും കൂടിയിരുന്നു. അവർ പിന്മാറാത്തതിനാൽ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് അവരെ പറഞ്ഞയയ്ക്കുകയും ചെയ്തു. പോലീസിന്റെ നിർദ്ദേശം അനുസരിച്ച് ഇടവക വികാരിയും സെക്രട്ടറി, ട്രസ്റ്റി എന്നിവരും പോലീസ് സ്റ്റേഷനില്‍ എത്തി സത്യവാങ്മൂലം എഴുതി നല്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റിദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തയാണ് പുറത്തുവന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പരിധിയില്‍ കൂടുതല്‍ ആളുകള്‍ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തതിന് പളളി വികാരി റജി യോഹന്നാന്‍, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെ അറസ്റ്റ് ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്.