അടൂർ : തൊഴിലുറപ്പ് സ്ഥലത്ത് പണി ചെയ്തുകൊണ്ടിരുന്ന അഞ്ച് തൊഴിലാളികൾക്ക് മിന്നലേറ്റു. ഏനാദിമംഗലം പൂവണ്ണുംമൂട് രാധാമണി (46), ചെമ്മണ്ണേറ്റത്ത് വടക്കേതിൽ പൊട്ടിച്ചി (72), കുറുമ്പകര കമുകുംകോട് തങ്കമണി (64), കുറുമ്പകര തുളസി വിലാസം ലീലാദേവി, കുറുമ്പകര ചരുവിള വീട്ടിൽ അംബിക (46) എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലിന് ഏനാദിമംഗലം കാട്ടുകാലായിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ശക്തമായ മഴയോടൊപ്പം ഉണ്ടായ മിന്നലേറ്റത്. അഞ്ചുപേരും ബോധരഹിതരായി വീണു. തുറസ്സായ സ്ഥലത്താണ് ഇവർ ജോലിചെയ്തുകൊണ്ടിരുന്നത്. പൊടുന്നനെയാണ് ഇടിമിന്നലും ശക്തമായ മഴയും തുടങ്ങിയത്. തൊഴിൽ നിർത്തി സുരക്ഷിത സ്ഥലത്തേക്ക് മാറാൻ കഴിയുംമുേമ്പ മിന്നലേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ നിലവിളികൾ കേട്ട് ഓടിക്കൂടിയവരാണ് അഞ്ചുപേരെയും ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.രാജഗോപാലൻ നായരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു.