അടൂര്‍ : അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ ഓപ്പറേഷനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മരിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ട് വീട്ടില്‍ ജയകുമാറിന്റെ ഭാര്യയും അടൂര്‍ വില്ലേജ് ഓഫീസറുമായ കല ജയകുമാര്‍ (49)ആണ് മരിച്ചത്. അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തൈറോയിഡ് രോഗത്തിന് അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ ഇന്നലെ ഇവര്‍ക്ക് ഓപ്പറേഷന്‍ ചെയ്തിരുന്നു. ഇന്നലെ രാത്രിയില്‍ ഒരു അറ്റാക്ക് ഉണ്ടായി, തുടര്‍ന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു എന്ന് പറയുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടാമത് മറ്റൊരു അറ്റാക്ക് കൂടി ഉണ്ടായി. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും ബന്ധുക്കളെ അറിയിച്ചില്ല എന്നാണ് ആരോപണം. പുലര്‍ച്ചെ നടന്ന അറ്റാക്കിനു ശേഷം വെന്റിലേറ്റര്‍ സൌകര്യമുള്ള ആംബുലന്‍സില്‍ കൊല്ലം മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്.
ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും രാവിലെ 5.45നാണ് കാഡിയാക്ക് അറസ്റ്റ് ഉണ്ടായതെന്നും ഉടന്‍തന്നെ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 7.45 മണിയോടെ കൊല്ലം മെഡിസിറ്റിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആംബുലന്‍സില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ദ സംഘവും ഉണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി.
രാവിലെ നടന്ന അറ്റാക്കിനു ശേഷം രണ്ടുമണിക്കൂര്‍ വൈകിയാണ് വിദഗ്ദ ചികിത്സക്ക് കൊല്ലത്തേക്ക് കൊണ്ടുപോയതെന്നും ഇക്കാര്യത്തില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും കടുത്ത അലംഭാവം ഉണ്ടായെന്നും ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിക്കുന്നു. കൊല്ലം മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും. മരിച്ച കല അടൂര്‍ പെരിങ്ങനാട് സ്വദേശിയാണ്. കലയപുരം വാഴോട്ട് ഫൈനാന്‍സിയേഴ്സ് ഉടമ ജയകുമാര്‍ ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകനും ഒരു മകളും ഉണ്ട്.