അടൂര്‍: കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ തൊഴിലാളികളെ അറിയിക്കാതെ അടച്ചു പൂട്ടി. ഇന്ന് രാവിലെ ജോലിക്ക് വന്ന നൂറോളം തൊഴിലാളികള്‍ കട പൂട്ടിക്കിടക്കുന്നത് കണ്ട് അമ്പരന്നു നിന്നു. ഇവര്‍ക്ക് ശമ്പളം കുടിശിക അടക്കം കിട്ടാനുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി തന്നെ കടയില്‍ അവശേഷിച്ചിരുന്ന തുണിത്തരങ്ങളും മറ്റും മാറ്റിയിരുന്നു. ഇന്നലെയും കട തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അപ്രതീക്ഷിതമായി കട അടച്ചു പൂട്ടിയതോടെ നൂറുകണക്കിന് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. ജോസ് കരിക്കിനേത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ. കരിക്കിനേത്ത് സഹോദരന്മാര്‍ക്ക് പത്തനംതിട്ട, അടൂര്‍, കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ തുണിക്കടകള്‍ ഉണ്ടായിരുന്നു.
കൈപ്പട്ടൂരില്‍ നിന്നാണ് ഇവരുടെ തുടക്കം. ജോസിന്റെ സഹോദരന്‍ ജോര്‍ജിന്റേതാണ് പത്തനംതിട്ട കരിക്കിനേത്ത്. ഇവിടെ വെച്ച് ബിജു എന്ന കാഷ്യറെ 2013 ല്‍ ജോസ് കരിക്കിനേത്ത് ചവിട്ടിക്കൊന്നതോടെയാണ് ഇവരുടെ അധഃപതനം ആരംഭിക്കുന്നത്. ആദ്യം ജോസ് കേസില്‍ പ്രതിയാകുന്നത് തടയാന്‍ വേണ്ടി ലക്ഷങ്ങള്‍ പോലീസിനും രാഷ്ട്രീയക്കാര്‍ക്കും അഭിഭാഷകര്‍ക്കും നല്‍കേണ്ടി വന്നു. ജോസ് അഴിക്കുളളിലായെങ്കിലും പുറത്തിറങ്ങിയ ഇയാള്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം തുടര്‍ന്നു. ഇതിനായി കോടികള്‍ വാരിയെറിഞ്ഞാണ് ജോസ് കടക്കെണിയിലായത്. സഹോദരന്മാരുടെ കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലെ കടകളും പൂട്ടി.
പത്തനംതിട്ടയിലെ കടയിലും കച്ചവടം നാമമാത്രമായി. ഇതിനിടെ ദിലീപിനെയും അമലാപോളിനെയുമിറക്കി അടൂരിലെ കട ജോസ് റീലോഞ്ച് ചെയ്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബാധ്യത വര്‍ധിക്കുകയാണുണ്ടായത്. കൈപ്പട്ടൂരിലെ വീട് വരെ വറ്റു. വാടക വീട്ടിലായിരുന്നു താമസം. ഈ രംഗത്ത് മത്സരം ഏറി വരികയും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ ജോസിന്റെ ബാധ്യത വര്‍ധിച്ചു. അങ്ങനെയാണ് തൊഴിലാളികളെ പോലും അറിയിക്കാതെ ഇന്ന് കട പൂട്ടിയിരിക്കുന്നത്.