അടൂര്‍ : കേരള കർഷക കാർഷികക്ഷേമ വകുപ്പ് നടപ്പാക്കുന്ന തുടർ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷിക് പദ്ധതി അടൂർ കൃഷിഭവനിൽ വിശദീകരണ യോഗവും ജൈവ വളവിതരണവും കൃഷി ഓഫീസർ ഷിബിൻ ഷാജ് നിർവ്വഹിച്ചു. കാർഷിക മേഖലയെ മെച്ചപ്പെടുത്തുക, ഒപ്പം കൃഷി രീതി മൂലം പ്രകൃതിയ്ക്ക് ദോഷകരമായി ബാധിക്കുന്ന പ്രവണത ഇല്ലാതാക്കുക, പ്രകൃതിയ്ക്ക് അനുയോജ്യമായ പരമ്പരാഗത കൃഷി രീതി തുടർന്ന് കൊണ്ടുപോവുക തുടങ്ങി കാർഷിക വിഭവങ്ങളിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സമൂഹത്തെ പര്യാപ്തമാക്കുക, കർഷകന്‍റെ നാട്ടറിവുകൾ സമൂഹത്തിൽ എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ബിപികെപി പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കേരളം ഉൾപ്പടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന തുടർ പദ്ധതിയാണ് ബി പി കെ പി. അടൂർ കൃഷിഭവൻ പരിധിയിൽ 18 കർഷകരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാട്ടറിവിലൂടെ പരമ്പരാഗത കൃഷി പരിപാലനം, തദ്ദേശിയ കൃഷി പരിചരണവും വിഭവ സമാഹാരണവും എന്നിവ ഊന്നൽ നൽകിയാണ് പദ്ധതി പരിപാലിക്കപ്പെടുന്നത്. പദ്ധതി വിശദീകരണം ബി പി കെ പി റിസോഴ്സ് പേഴ്സൺ സുരേഷ് കുമാറും, പരിപാലന രീതികൾ കോർഡിനേറ്റർ രമ്യാ മോഹനനും വിശദീകരിച്ചു . പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള ജൈവ വള വിതരണം കൃഷി ഓഫീസറിൽ നിന്നും വിനോദ് വാസുകുറുപ് ഏറ്റുവാങ്ങി. അസിസ്റ്റന്റ് കൃഷി ഓഫീസർ റെജീബ്, കൃഷി അസിസ്റ്റന്റ്മാരായ പ്രസാദ്, രജിത് എന്നിവരും പങ്കെടുത്തു.