പത്തനംതിട്ട : അടൂര്‍ മറിയ ആശുപത്രി അധികൃതര്‍ 1,60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. അടൂര്‍ മറിയ ആശുപത്രിക്കും ഡോക്ടര്‍ ജിനു തോമസിനുമെതിരെ പറക്കോട് പുതുമല കാഞ്ഞിരവിളയില്‍ സാനു ഡേവിഡിന്റെ പരാതിയിലാണ് കോടതി ഉത്തരവ്.
സാനു ഡേവിഡിന് 2014 സെപ്റ്റംബറില്‍ പത്തനംതിട്ടയ്ക്കടുത്തു വെച്ച് അപകടം ഉണ്ടായിരുന്നു. ചികിത്സക്ക് അടൂര്‍ മറിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍ ജിനു തോമസ് ആണ് ചികിത്സിച്ചത്. പരിശോധനയില്‍ സാനു ഡേവിഡിന്റെ ഇടത് കണങ്കാലിന്റെ ജോയിന്റ് തെറ്റിയിട്ടുണ്ടെന്നും കാലിന് പൊട്ടലുണ്ടെന്ന് പറയുകയും തുടര്‍ന്ന് കാലില്‍ പ്ലാസ്റ്റര്‍ ഇട്ട് വിടുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ ചെന്ന് സാനു ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദേശ പ്രകാരം പഴയ പ്ലാസ്റ്റര്‍ നീക്കം ചെയ്യുകയും വീണ്ടും പുതിയ പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു.
ഒരു മാസം കഴിഞ്ഞ് സാനു ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയും അന്നേ ദിവസം കാലില്‍ ഇട്ടിരുന്ന പ്ലാസ്റ്റര്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ കാലിന് വളവും കഠിനമായ വേദനയും അനുഭവപ്പെട്ടിരുന്നു. ഒരു മാസം നടന്ന് കഴിയുമ്പോള്‍ കാലിന്റെ വളവ് നിവരുമെന്നും വേദന കുറയുമെന്നും ഡോക്ടര്‍ ഉറപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും കാലിന്റെ വേദനയും വളവും മാറാത്ത കാര്യം ഡോക്ടറെ അറിയിച്ചപ്പോള്‍ എല്ലാം ശരിയായി കൊള്ളുമെന്ന് പറഞ്ഞ് ഡോക്ടര്‍ ഒഴിഞ്ഞു മാറുകയുണ്ടായി. ഡോക്ടറുടെ ചികിത്സയില്‍ സംശയം തോന്നിയ സാനു ഡേവിഡ് തിരുവനന്തപുരം എസ്. പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടുകയും കാലിന് ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. 1,44,000/ രൂപയോളം ആശുപത്രി ചികിത്സയ്ക്കും മറ്റുമായി തിരുവനന്തപുരത്തു ചിലവാകുകയും ചെയ്തു. ആറു മാസത്തോളം ഇങ്ങനെ ചികിത്സിച്ചു നടന്നത് കൊണ്ട് സാനുവിന്റെ താത്കാലിക ജോലിയും നഷ്ടമായി.
അടൂര്‍ മറിയ ആശുപത്രിയില്‍ വെച്ച് ശരിയായ രീതിയില്‍ കാലിന് പ്ലാസ്റ്റര്‍ ഇട്ടിരുന്നുവെങ്കില്‍ തിരുവനന്തപുരത്തു എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ പോയി കാലിന് ഓപ്പറേഷന്‍ ചെയ്യേണ്ടി വരില്ലായിരുന്നു എന്നാണ് സാനു പറയുന്നത്. മറിയ ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടെയും ചികിത്സാപിഴവ് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് ഹര്‍ജികക്ഷിയായ സാനു ഡേവിഡ് കോടതിയില്‍ മൊഴി നല്‍കി.
അടൂര്‍ മറിയ ആശുപത്രിയ്ക്കും അവിടുത്തെ ഡോക്ടര്‍ ജിനു തോമസിനും എതിരെ സാനു ഡേവിഡിന് ഹര്‍ജി കക്ഷിയായി പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസ്സിലാണ് 1,50,000/ രൂപ നഷ്ടപരിഹാരവും 10,000/ രൂപ കോടതി ചിലവും എതിര്‍ കക്ഷികള്‍ ഹര്‍ജി കക്ഷിയ്ക്ക് നല്‍കാന്‍ വിധിച്ചത്. ഹര്‍ജി കക്ഷിയുടെയും എതിര്‍ കക്ഷിയുടെയും വാദങ്ങളും തെളിവ് രേഖകളും പരിശോധിച്ച കമ്മീഷന്‍ ഹര്‍ജി കക്ഷിയുടെ പരാതി ശരിയാണെന്ന് കാണുകയും എതിര്‍കക്ഷികള്‍ നഷ്ടപരിഹാരം കൊടുക്കാന്‍ വിധി പ്രസ്താവിക്കുകയും ചെയ്തു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍ ഷാജിത ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.