അടൂർ: അടൂർ നഗരസഭയിൽ ഇടത്- വലത് മുന്നണികള്‍ വിമതരുടെയും സ്വതന്ത്രരുടെയും ഭീഷണി നേരിടുകയാണ്. കഴിഞ്ഞതവണ സ്വതന്ത്രന്റെ പിന്തുണയിൽ അഞ്ചുവർഷവും ഭരിച്ച എൽഡിഎഫിന് ഇത്തവണ സ്വന്തംനിലയിൽ തിരികെ എത്താനുള്ള ശ്രമത്തിനിടയിലാണ് അപ്രതീക്ഷിതമായ വിമതഭീഷണി ഉണ്ടായത്. അഞ്ചുവർഷത്തിനുശേഷം ഭരണം തിരികെ പിടിക്കാനാണ് യുഡി എഫ് ശ്രമിക്കുന്നത്.
ഒന്ന്, രണ്ട്, 22 വാർഡുകളിൽ ഇടതു സ്ഥാനാർഥികൾക്കെതിരെ റിബലുകൾ രംഗത്തുള്ളപ്പോൾ അഞ്ച്, 14, 17, 24, 27 വാർഡുകളിലാണ് യുഡിഎഫ് പ്രധാനമായും വിമത ഭീഷണി നേരിടുന്നത്. ഇരുമുന്നണികൾക്കും ഒരു പോലെ റിബലുള്ളത് വാർഡ് 24ലാണ്. വാര്‍ഡ് ഒന്നിലെ ഇടതു സ്ഥാനാർത്ഥി ബിന്ദു സണ്ണിയ്ക്കെതിരെ കെ.സാലിയുടെ സ്ഥാനാർഥിത്വം ഭീഷണിയാണ്.
യുഡിഎഫിലെ സൂസി ജോസഫ് നാലാം തവണ ജനവിധി തേടുന്ന വാർഡാണിത്. എൻഡിഎയിലെ പ്രഭാ ചന്ദ്രനും സ്ഥാനാർഥിയാണ്. വാര്‍ഡ് രണ്ടിൽ ഇടതു സ്ഥാനാർഥി ബീനാ ശശാങ്കനു വിമതഭീഷണി ഉയർത്തുന്നത് ഗീത ഐസക്കാണ്. കുടുംബശ്രീ മുൻ അധ്യക്ഷ അനു വസന്താണ് യുഡിഎഫ് സ്ഥാനാർഥി. 22ൽ ഇടതു സ്ഥാനാർഥി അഞ്ജന രമേശിനു റിബലായി ഓമന രവി കൊറ്റംകുളവും യുഡിഎഫ് സ്ഥാനാർഥിയായി ശ്രീലക്ഷ്മി ബിനുവും മത്സരിക്കുന്നു.
വാർഡ് അഞ്ചിൽ യുഡിഎഫിലെ ശശികുമാറിനു റിബലായി അജിൽ മേമനയാണ് മത്സര രംഗത്തുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ. ജി. വാസുദേവനാണ്. വാർഡ് 14ൽ യുഡിഎഫിലെ ശ്രീകുമാർ കോട്ടൂരിനെതിരെ മുൻ കൗൺസിലറായ സലീം (അലാവുദ്ദിൻ) സ്ഥാനാർഥിയാണ്. എൽഡിഎഫിനു പി.വി.രാജേഷും എൻഡിഎയ്ക്കു പി.ശിവദാസൻ നായരും സ്വതന്ത്രരായി ഗോപിനാഥ കുറുപ്പും, ഗോപാലകൃഷ്ണനുമുണ്ട്. 17 ൽ യുഡിഎഫിലെ ഷിജി രാജേന്ദ്രനു റിബലായി മുൻ കൗൺസിലർ ജെ. കനകമ്മാളാണ്.
എൽഡിഎഫിൽ സ്ഥാനമൊഴിഞ്ഞ സിന്ധു തുളസീധരക്കുറപ്പും എൻഡിഎയ്ക്കു ജി. ഗിരിജാകുമാരിയും സ്വതന്ത്രരായി സലീന, പി. റജീന എന്നിവരുമുണ്ട്. 24ൽ യുഡിഎഫിലെ ഏഴംകുളം അജുവിനെ റിബലായി അടൂർ സുഭാഷാണ് മത്സര രംഗത്ത്. എൽഡിഎഫിൽ റാണി പാണംതുണ്ടിലും എൻഡിഎയ്ക്കു മഹേഷ് കൃഷ്ണനും സ്വതന്ത്രനായി രാജേന്ദ്ര പ്രസാദുമാണ്. 27ൽ മുൻ ചെയർമാൻ ഉമ്മൻ തോമസ് യുഡിഎഫ് സ്ഥാനാർഥിയായുണ്ട്. എസ്. അനൂപ് കുമാറിന്റെ സ്ഥാനാർഥിത്വം ഭീഷണിയാണ്. എൽഡിഎഫിൽ നിന്ന് മുൻ കൗൺസിലർ കെ.മഹേഷ് കുമാറും എൻഡിഎയ്ക്കു വേണ്ടി അരുൺ ജി കൃഷ്ണനുമാണ് സ്ഥാനാർഥികൾ.
24ൽ യുഡിഎഫിലെ ബിനു പി. രാജനു റിബലായി ജെ.ജോൺസൺ, വൈ. മാത്യു എന്നിവരും എൽ.ഡി.എഫിൽ മുൻ കൗൺസിലർ ശോഭ തോമസാണ് സ്ഥാനാർഥി. എൽഡിഎഫ് തർക്കങ്ങള്‍ പരിഹരിക്കപ്പെടാതെ വന്നതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നിയോജകമണ്ഡലം പ്രസിഡന്റ് സജു മിഖായേൽ മത്സര രംഗത്തുണ്ട്. എൻഡിഎയിലെ അനിൽ മേമനയും സ്ഥാനാർഥിയായുണ്ട്.