അടൂര്‍: പള്ളിക്കല്‍ ഗ്രാമം ക്ഷീരസമൃദ്ധമാക്കാനുള്ള തയാറെടുപ്പ് തകൃതിയായി. ക്ഷീരഗ്രാമം പദ്ധതി പ്രകാരം പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് 115 പശുക്കളെയാണ് വാങ്ങുക. രണ്ട് പശു യൂനിറ്റുകള്‍ 30 എണ്ണവും അഞ്ച് പശുക്കളുടെ യൂനിറ്റ് നാല് എണ്ണവും ഒരു പശുവും ഒരു കിടാരിയും യൂനിറ്റ് 10ഉം, മൂന്ന് പശുക്കളും രണ്ട് കിടാരിയും യൂനിറ്റ് മൂന്ന് എണ്ണവും എന്നിങ്ങനെയാണ് ഈ പദ്ധതിവഴി ഗുണഭോക്താക്കള്‍ ഉള്ളത്.
പശുക്കള്‍ക്ക് കിടക്കാനുള്ള റബര്‍ മാറ്റ്, വെള്ളം കുടിക്കാനുള്ള ഓട്ടോമാറ്റിക് വാട്ടര്‍ ബൗള്‍ സംവിധാനം അടക്കമുള്ള ആധുനിക രീതിയിലുള്ള തൊഴുത്ത്, തൊഴുത്തുകളുടെ അറ്റകുറ്റപ്പണി, തൊഴുത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഒരുക്കല്‍, 154 പാക്കറ്റ് ധാതു ലവണ മിശ്രിതം എന്നിവയും പദ്ധതിവഴി കര്‍ഷകര്‍ക്ക് സബ്‌സിഡിയായി ലഭിക്കും. ക്ഷീരഗ്രാമം പദ്ധതി നടപ്പാകുന്നതോടെ പാല്‍ ഉല്‍പാദനത്തില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്വയംപര്യാപ്തതയില്‍ എത്തുമെന്നാണു ഗ്രാമപഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.
15,000 ലിറ്ററോളം പാലാണു പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ഈ പദ്ധതികൂടി വരുന്നതോടെ 1200-1500 ലിറ്റര്‍ വര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിശോധന നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഗ്രാമസഭ വിളിച്ചുകൂട്ടുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പശുക്കളെ മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് കൊണ്ടുവരുക. ഒരു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.