ദില്ലി : അങ്കമാലി-ശബരി റെയിൽപാത എരുമേലിയിൽ നിന്നും പത്തനംതിട്ട, കോന്നി പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വട്ടപ്പാറ, നെടുമങ്ങാട്, കഴക്കൂട്ടം, കാട്ടാക്കട വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് ലോക്സഭയിൽ ശൂന്യവേളയിൽ ഉന്നയിച്ച സബ്മിഷനിൽ അടൂർ പ്രകാശ് ആവശ്യപ്പെട്ടു. റെയിൽവേ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയിൽപാത നിർമ്മിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ നെടുമങ്ങാടും ഉൾപ്പെട്ടിട്ടുണ്ട്. ശബരി റെയിലിന്റെ മൂന്നാം ഘട്ടമായി പാത തിരുവനന്തപുരത്തേക്കു നീട്ടുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതും നെടുമങ്ങാട് വഴിയാണ്. അറുപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള നെടുമങ്ങാട് ജില്ലയിലെ പ്രമുഖ വാണിജ്യ കേന്ദ്രവുമാണ്. എരുമേലിയിൽ നിന്നും പത്തനംതിട്ട, കോന്നി പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വട്ടപ്പാറ, നെടുമങ്ങാട്, കഴക്കൂട്ടം, കാട്ടാക്കട വഴി വിഴിഞ്ഞത്തേക്ക് പാത നീട്ടണമെന്ന ആവശ്യം ശക്തമാണ്.
വിഴിഞ്ഞം മുതൽ പുനലൂർ വരെയുള്ള സാമ്പത്തിക ഇടനാഴി പ്രഖ്യാപനവും പാത വിഴിഞ്ഞത്തേക്ക് നീട്ടുന്നതിന് അനുകൂല ഘടകമാണ്. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിനു സഹായിക്കുന്നതോടൊപ്പം എം.സി റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും പാത ദീർഘിപ്പിക്കുന്നത് വഴി സാധിക്കും. മാത്രവുമല്ല നിലവിൽ റെയിൽവേ സൗകര്യമില്ലാത്ത നിരവധി പ്രദേശങ്ങൾ റെയിൽ ശൃംഖലയുമായി ബന്ധപ്പെടുത്തുന്നതിനും ഇത് സഹായകരമാവും. ശബരി പാത റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്ക് നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മധ്യകേരളത്തിന്റെ കാർഷിക, വ്യാവസായിക വളർച്ചയ്ക്ക് സഹായകരമാകുന്ന പാത സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്ന് സബ്‌മിഷനിൽ അദ്ദേഹം ആവശ്യപ്പെട്ടു.