പത്തനംതിട്ട : അടൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്കായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. വയോധികര്‍, രോഗികള്‍, ഗര്‍ഭിണികള്‍, തനിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം പ്രയോജനമാകും. മരുന്ന്, ചികിത്സ, ആഹാരം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയ വിഷയങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സഹായം തേടാം.
എട്ട് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും വോളന്റിയേഴ്‌സിന്റെ സേവനം ലഭ്യമാക്കും. കോവിഡ് കാലത്ത് അടൂര്‍ മണ്ഡലത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം അരുളാന്‍ ഹെല്‍പ്പ് ഡെസ്‌ക് സഹായകമാകുമെന്ന് എംഎല്‍എ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള പത്തോളം പേരാണ് ഹെല്‍പ് ഡെസ്‌ക് കൈകാര്യം ചെയ്യുന്നത്. ഇതിനോടകം നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഹെല്‍പ് ഡെസ്‌ക്കിന് സാധിച്ചു. ഹെല്‍പ്പ് ഡെസ്‌കിന്റെ മൊബൈല്‍ നമ്പരുകള്‍: 9495836399, 9447059321, 9037813717, 9562343959, 9947819662, 9074173201, 9496735364, 8943372050, 9496223959, 9847969709.
അടൂരില്‍ വാര്‍ഡുതല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും
അടൂര്‍ താലൂക്കില്‍ വാര്‍ഡുതല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അടൂര്‍ താലൂക്ക് ഓഫീസില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രധാനപ്പെട്ട തീരുമാനങ്ങള്‍: 50 വീടുകള്‍ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഒരാള്‍ക്ക് ചുമതല നല്‍കുകയും നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യണം. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും സൗകര്യക്കുറവുളളവരെ ഡിസിസികളിലേക്ക് മാറ്റുകയും ചെയ്യണം. ക്ലസ്റ്റര്‍ ചുമതലക്കാര്‍, ആശാവര്‍ക്കര്‍, ബീറ്റ് പോലീസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ആംബുലന്‍സും മറ്റ് വാഹനങ്ങളും അടിയന്തിരമായി ക്രമീകരിക്കണം. എല്ലാ പഞ്ചായത്ത്/നഗരസഭകളിലും മേയ് 17ന് അകം ഡിസിസികള്‍ പ്രവര്‍ത്തനം ആരംഭിക്കണം. രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും മരുന്നും ഭക്ഷണവും കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.
വിവാഹം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകള്‍ കര്‍ശനമായി നിരീക്ഷിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന കോവിഡ് ടെസ്റ്റു കള്‍ വാക്‌സിനേഷന്‍ എന്നിവയുടെ ലിസ്റ്റ് അതതു ദിവസം തന്നെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും കത്തു നല്‍കണം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിയോ, ആയുര്‍വേദ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തണം. മണ്‍സൂണുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ അടൂര്‍ താലൂക്ക് പരിധിയിലുള്ള നഗരസഭ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, അടൂര്‍ തഹസീല്‍ദാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.