യുഎഇ: 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി വേണ്ട. പ്രായപൂർത്തിയായവർക്ക് ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്ന പരിഷ്‌കരിച്ച ഫെഡറല്‍ വ്യക്തിനിയമം യുഎഇയില്‍ പ്രാബല്യത്തില്‍ വന്നു. 18 വയസ്സിനു ശേഷം വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം തുടങ്ങിയ വിഷയങ്ങളില്‍ ജനുവരിയില്‍ കൊണ്ടുവന്ന ഭേദഗതിയാണ് പ്രാബല്യത്തില്‍ വന്നത്. ഇനി മാതാപിതാക്കൾ നിഷേധിച്ചാലും പ്രായപൂർത്തിയായവർക്ക് ഇഷമുള്ളയാളെ വിവാഹം ചെയ്യാൻ പുതിയ നിയമപ്രകാരം സാധിക്കും. എന്നാല്‍ പുരുഷനും സ്ത്രീയും തമ്മില്‍ 30 വയസ്സിന്റെയെങ്കിലും അന്തരമുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം ചെയ്യാന്‍ സാധിക്കൂ. വിദേശ മുസ്ലിം സ്ത്രീകളുടെ വിവാഹത്തിന് രക്ഷകര്‍ത്താവ് വേണമെന്ന് അവരുടെ ദേശീയ നിയമം ആവശ്യപ്പെടുന്നില്ലെങ്കില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകാം.
വിവാഹ മോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സാക്കി ഉയര്‍ത്തി. നേരത്തെ ആണ്‍കുട്ടികള്‍ക്ക് 11, പെണ്‍കുട്ടികള്‍ക്ക് 15 വയസ്സായിരുന്നു. എന്നാല്‍ 15 വയസ്സ് തികഞ്ഞാല്‍ ഏത് രക്ഷിതാവിനൊപ്പം ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്കായിരിക്കും. മാതാപിതാക്കളെ അവഗണിക്കല്‍, മോശമായി പെരുമാറല്‍, ദുരുപയോഗം ചെയ്യല്‍, ഉപേക്ഷിക്കല്‍, ആവശ്യമുള്ളപ്പോള്‍ സാമ്പത്തിക സഹായം നല്‍കാതിരിക്കല്‍ എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ് വ്യക്തി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവരുമായി അനുവാദമില്ലാതെ യാത്ര ചെയ്യുക, അവരുടെ സ്വത്ത് തട്ടിയെടുക്കുക, അനന്തരാവകാശം പാഴാക്കുക എന്നീ നിയമലംഘനങ്ങള്‍ക്കും കടുത്ത ശിക്ഷയുണ്ടാകും. തടവും 5000 ദിര്‍ഹം മുതല്‍ 1 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.