തൃശൂര്‍ : ഫ്ലക്‌സ് ബോര്‍ഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണത്തെ തുടര്‍ന്ന് സ്‌കൂളിലെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ച തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ അഡ്വ.എ. ജയശങ്കര്‍. എരപ്പാളി വര്‍ദ്ധകനായാലും വര്‍ദ്ധകന്‍ എരപ്പാളിയായാലും തനിസ്വഭാവം മാറില്ലെന്നും ശക്തന്‍ തമ്പുരാന്റെ നാട്ടില്‍ ശപ്പന്‍ തമ്പുരാന്‍ ആണെന്നും ജയശങ്കര്‍ പരിഹസിച്ചു. മേയര്‍ വര്‍ഗീസിന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതാണ് തൃശൂര്‍ പട്ടണമെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്‌ബുക്കില്‍ കുറിച്ചു.
വിജയദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവ. സ്‌കൂള്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡാണ് മെയറെ ചൊടിപ്പിച്ചത്. പ്രചാരണ ബോര്‍ഡിലെ തന്റെ ചിത്രം ചെറുതായതിനാലാണ് പരിപാടിയില്‍ നിന്ന് മടങ്ങിയതെന്നും മേയര്‍ പദവിയെ അപമാനിക്കുന്നതാണ് ചിത്രമെന്നും ഇനിയും ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡില്‍ എംഎല്‍എ പി ബാലചന്ദ്രന്റെ ചിത്രമാണ് വലുതാക്കി വെച്ചിരുന്നത്. സംഭവം വിവാദമായതോടെ അദ്ദേഹവും ചടങ്ങിനെത്തിയില്ല. കോര്‍പ്പറേഷനാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല.
എ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പതിനെട്ട് വാദ്യവും ചെണ്ടക്കു താഴെ; എംപിയും എംഎല്‍എയും മേയര്‍ക്കു താഴെ. ഫക്സ് ബോര്‍ഡില്‍ തന്റെ പടം ചെറുതും സ്ഥലം എംഎല്‍എ ബാലചന്ദ്രന്റെ പടം വലുതും ആയതിനാല്‍ തൃശൂര്‍ മേയര്‍ ഇടഞ്ഞു. പൂങ്കുന്നം സര്‍ക്കാര്‍ സ്കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചു. മാഷമ്മാരോട് കയര്‍ത്തു. സ്കൂളിന്റെ മുതലാളി മേയറാണെന്ന് ഓര്‍മിപ്പിച്ചു. മേലില്‍ തന്നെ കാണിച്ച് അംഗീകാരം വാങ്ങാതെ ഒറ്റയോരു ഫ്ലക്സും ഒരാളും വെക്കരുതെന്ന് വിലക്ക് കല്പിച്ചു.
മേയര്‍ക്കു മദംപൊട്ടിയ വാര്‍ത്ത കേട്ട് പാവം എംഎല്‍എ വിരണ്ടോടി. ചടങ്ങ് അലങ്കോലമായി. മേയര്‍ വര്‍ഗീസിന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതാണ് തൃശൂര്‍ പട്ടണം. അതുകൊണ്ട് പോലീസുകാര്‍ സല്യൂട്ട് അടിക്കണം, മറ്റുളള ഉദ്യോഗസ്ഥര്‍ രണ്ടാം മുണ്ട് അരയില്‍ ചുറ്റി വാക്കയ്യുപൊത്തി വേണം സംസാരിക്കാന്‍. എരപ്പാളി വര്‍ദ്ധകനായാലും വര്‍ദ്ധകന്‍ എരപ്പാളിയായാലും തനിസ്വഭാവം മാറില്ല. ശക്തന്‍ തമ്ബുരാന്റെനാട്ടില്‍ ശപ്പന്‍ തമ്പുരാന്‍.