ദില്ലി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭഷകന്‍ ആയ എപി സിങ് ആയിരുന്നു. അപ്രതീക്ഷിതവും നാടകീയവും ആയ നീക്കങ്ങള്‍ക്കാണ് രാജ്യ തലസ്ഥാനവും സുപ്രീം കോടതിയും സാക്ഷ്യം വഹിച്ചത്.
പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മത്രം ബാക്കി നില്‍ക്കെയാണ് ജസ്റ്റിസ് ഭാനുമതിയുടെ ബഞ്ച് പ്രതികളുടെ ഹര്‍ജി കേള്‍ക്കാന്‍ തയ്യാറായത്. പ്രതി പവന് ഗുപ്തയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വാദം ആയിരുന്നു എപി സിങ് പ്രധാനമായും ഉന്നയിച്ചത്.
ഈ ഘട്ടത്തിലാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ കുറിച്ച് എന്തെങ്കിലും എതിര്‍ വാദങ്ങള്‍ ഉന്നയിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞത്. ഈ ഘട്ടത്തിലും പവന്‍ ഗുപ്തയുടെ മൊഴി കേള്‍ക്കണം എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നുഎപി സിങ്. പിന്നീടാണ് വൈകാരികമായ രീതിയില്‍ അദ്ദേഹം സംസാരിച്ചത്. രാജ്യം മുഴുവന്‍ പ്രതികള്‍ക്കെതിരെ നീങ്ങി. ഇനി എന്തിനാണ് കുറ്റവാളി തൂക്കിക്കൊല്ലുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രതികള്‍ ഇതിനകം തന്നെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു നോക്കി.
അവരെ തൂക്കിക്കൊല്ലും എന്ന് തനിക്ക് അറിയാം. പക്ഷേ, അത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റി വയ്ക്കാന്‍ ആവില്ലേ എന്നായിരുന്നു കോടതിയോട് ഒടുവില്‍ അഡ്വ എപി സിങ് അഭ്യര്‍ത്ഥിച്ചത്. പവന്‍ ഗുപ്തയുടെ മൊഴി രേഖപ്പെടുത്തുന്നതിനായിരുന്നു ഇത്തരം ഒരു സാവകാശം അഭിഭാഷന്‍ ചോദിച്ചത്.
പന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളിയതിന് എതിരെ ആയിരുന്നു അവസാന നിമിഷം എപി സിങ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിയ്ക്ക് നിയമപരമായ പരിമിതിയുണ്ടെന്നാണ് വിധിന്യായത്തില്‍ കോടതി പറഞ്ഞത്. ഇതോടെ കുറ്റവാളികളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
ഇതിനിടെ എപി സിങിനെ ജസ്റ്റിസ് ഭാനുമതി അഭിനന്ദിയ്ക്കുകയും ചെയ്തു. താന്‍ നന്നായി ശ്രമിച്ചു എന്നായിരുന്നു എപി സിങിനോട് ജസ്റ്റിസ് ഭാനുമതി പറഞ്ഞത്. എന്തായാലും പ്രതികളുടെ വധശിക്ഷ തിഹാര്‍ ജയിലില്‍ വച്ച് തന്നെയാണ് നടപ്പിലാക്കുന്നത്. മാര്‍ച്ച് 20 ന് രാവിലെ 5.30 ന് വധശിക്ഷ നടപ്പിലാക്കും എന്നായിരുന്നു നേരത്തേ തന്നെ അറിയിച്ചിരുന്നത്. ഇതിനിടയിലാണ് മാര്‍ച്ച് 19 ന് രാത്രി പ്രതികള്‍ വീണ്ടും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അവസാന ശ്രമമെന്ന നിലയിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.