തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്ത പിന്നാലെ മന്ത്രിയ്‌ക്കെതിരെ കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കര്‍.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോണ്‍സുലേറ്റ് വഴി വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്തിട്ടുണ്ടോയെന്ന് ജയശങ്കര്‍ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
‘സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോണ്‍സുലേറ്റ് വഴി വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്തിട്ടുണ്ടോ, നമ്മുടെ മലപ്പുറം സുല്‍ത്താനല്ലാതെ?
ഇന്ത്യാചരിത്രത്തില്‍ ഏതെങ്കിലും ഒരു മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ?
നമ്പര്‍ വണ്‍ കേരളം, നമ്പര്‍ വണ്‍ കൊച്ചാപ്പ’ എന്നായിരുന്നു ജയശങ്കറിന്റെ കുറിപ്പ്.
നയതന്ത്ര ചാനലുകള്‍ വഴി വന്ന പാക്കേജുകള്‍ സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ജലീലിനെ ഇഡി ചോദ്യം ചെയ്തത്. പ്രാഥമിക ഘട്ടത്തിലുള്ള ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കൊച്ചിയിലെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍സുല്‍ ജനറലുമായുളള ബന്ധവും പ്രതികളുമായുളള പരിചയവും അടക്കമുളള വിവരങ്ങളാണ് മന്ത്രിയില്‍ നിന്ന് തേടിയത് എന്നാണ് വിവരം.
അതേസമയം ഇഡിയുടെ നടപടിക്ക് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമാണ്. ധാര്‍മ്മികത ഉണ്ടെങ്കില്‍ മന്ത്രി രാജിയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. രാജിയ്ക്കായി സമരം കടുപ്പിക്കാനാണ് യുഡിഎഫും ബിജെപിയും തിരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ജലീല്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കുറ്റകാരനെന്ന് കോടതി വിധിക്കും വരെ രാജിയുടെ ആവശ്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള പറഞ്ഞു. ഇന്നത്തെ പിബി യോഗം ഇത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യും.