റാന്നി: തൊഴിൽ അന്വേഷകരായ യുവാക്കൾക്ക് അവസരം ഒരുക്കി റാന്നിയിൽ ജോബ് സെൻ്റർ ആരംഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റാന്നിയുടെ വൈജ്ഞാന പുരോഗതിക്ക് പുത്തൻ ഉണർവ് നൽകിയ റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി ആണ് സംസ്ഥാന നോളജ് മിഷനുമായി സഹകരിച്ച് ജോബ് സെൻറർ ആരംഭിച്ചത്. ഉദ്യോഗാർത്ഥികളുടെ യോഗ്യത, അഭിരുചി, താൽപര്യം എന്നിവക്ക് അനുസരിച്ച് അനുയോജ്യമായ തൊഴിൽ ലഭിക്കുന്നതിന് ജോബ് സെൻ്ററിലെ വിദഗ്ധർ മാർഗനിർദ്ദേശം നൽകും. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജോബ് സെൻ്ററിൽ വിദ്യാർഥികൾക്ക് നേരിട്ടും ഓൺലൈനായും ബയോഡേറ്റ സമർപ്പിക്കാം.
യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒഴിവുകൾ ഉദ്യോഗാർത്ഥികളെ അറിയിക്കുകയും ഇൻറർവ്യൂ, കൂടിയാലോചന, ഭാഷാ നൈപുണ്യം എന്നിവയിൽ പരിശീലനം ഉദ്യോഗാർത്ഥികൾക്ക് ജോബ് സെൻ്റർ വഴി നൽകുകയും ചെയ്യും. എല്ലാ മേഖലയിലും ഉള്ള തൊഴിൽ അവസരങ്ങൾ ജോബ് സെൻ്റർ വഴി ലഭ്യമാണ് എന്നതിനാൽ വിവിധ യോഗ്യതയുള്ളവർക്ക് ജോബ് സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നോളജ് വില്ലേജ് അക്കാദമിക് കൗൺസിൽ ജനപ്രതിനിധികൾക്കായുള്ള ശില്പശാല 27ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചിട്ടുണ്ട്.