കോന്നി : പത്തനാപുരം- കോന്നി – മൈലപ്ര സംസ്‌ഥാന പാതയിൽ കലഞ്ഞൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷനിലും മൈലപ്ര എസ് എച്ച് ഹയർ സെക്കന്റ്‌റി സ്കൂൾ ജംഗ്ഷനിലും ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കലഞ്ഞൂർ ഗവ. മോഡൽ സ്കൂളിനു മുന്നിലും മൈലപ്ര എസ്. എച്ച് സ്കൂൾ ജംഗ്ഷനിലും നിരന്തരം വാഹനാപകടങ്ങൾ പതിവാണ്. കുട്ടികൾക്ക് വാഹന ബാഹുല്യം കാരണം റോഡ് മുറിച്ചു കടക്കുന്നതിലും പ്രയാസമുണ്ടാകുന്നത് പതിവാണ്. ആധുനിക നിലവാരത്തിൽ സംസ്‌ഥാന പാതയുടെ നിർമ്മാണ പൂർത്തീകരണത്തിനു ശേഷം കലഞ്ഞൂർ സ്കൂൾ ജംഗ്ഷനിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഈ സാഹചര്യത്തിൽ കുട്ടികളുടെയും കാൽനട യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കലഞ്ഞൂരിൽ 45 ലക്ഷം രൂപയുടെ മേൽ പാലവും മൈലപ്രയിൽ 42 ലക്ഷം രൂപയുടെ മേൽ പാലവുമാണ് നിർമ്മിക്കുന്നത്. കലഞ്ഞൂർ മേൽ പാലത്തിനു 16.20 മീറ്റർ നീളവും 5.7 മീറ്റർ ഉയരവും 1.5 മീറ്റർ വീതിയുമാണുള്ളത്. മൈലപ്രയിൽ 14.20 മീറ്റർ നീളവും 5.7 മീറ്റർ വീതിയും 1.5 വീതിയിലുമാണ് നിർമ്മിക്കുന്നത്. പാലം നിർമ്മിക്കുന്നതിനായി കെ. എസ്. ഈ. ബി യുടെ ഇലക്ട്രിക് പോസ്റ്റുകളും ലൈനും മാറ്റി പുന:സ്‌ഥാപിക്കും.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു മേൽപാലങ്ങളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനാവശ്യമായ നിർദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.