റാന്നി: പുതമൺ പാലത്തിൻറെ നിർമ്മാണം ഓണത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർദേശം നൽകി. പാലം നിർമ്മാണം നടക്കുന്ന സ്ഥലത്ത് നേരിട്ട് സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കരാറുകാരനോട് എംഎൽഎ നിർദ്ദേശിച്ചത്. 2.61 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ ആറു പൈലുകളും മൂന്ന് പൈൽ ക്യാമ്പുകളും പൂർത്തിയായിട്ടുണ്ട്. ഇരുകരകളിലെയും അബട്മെന്റുകളുടെയും നടുക്കുള്ള പിയറിന്റെയും നിർമ്മാണം പുരോഗമിക്കുന്നു. 35% നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.
8 മീറ്റർ വീതം നീളമുള്ള രണ്ട് സ്ഥാനുകളോട് കൂടിയ പാലത്തിന് വാഹന യാത്രയ്ക്കായി 7.50 മീറ്റർ വീതി ഉണ്ടാകും. കൂടാതെ 1.5 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും ഉണ്ട്. ആകെ 11 മീറ്ററാണ് പാലത്തിൻറെ വീതി കോഴഞ്ചേരി റാന്നി റോഡിൽ പുതമൺ പെരുന്തോടിന് ഉണ്ടായിരുന്ന 70 വർഷത്തിലധികം പഴക്കമുള്ള പാലം അപകടാവസ്ഥയിൽ ആയതിനെത്തുടർന്നാണ് ഇപ്പോൾ പുതിയ പാലം നിർമ്മിക്കുന്നത്. യാത്രക്കാർക്ക് 30 ലക്ഷം രൂപ ചിലവഴിച്ച് താത്ക്കാലിക പാതയും ഒരുക്കി നൽകിയിട്ടുണ്ട്. പാലം നിർമ്മാണം നേരത്തെ ടെൻഡർ ചെയ്തിരുന്നെങ്കിലും എസ്റ്റിമേറ്റ് തുകയുടെ 20% അധികം തുകയാണ് കരാറുകാരൻ നൽകിയത് എന്ന കാരണത്താൽ നിർമ്മാണം മൂന്നു പ്രാവശ്യം ടെൻഡർ ചെയ്യേണ്ടി വന്നു. പിന്നീട് പ്രത്യേക മന്ത്രിസഭ കൂടി പുതിയ തുകയ്ക്ക് അനുമതി നൽകിയ ശേഷമാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.