റാന്നി: പുതമൺ പുതിയ പാലത്തിൻ്റെ ടെൻഡർ നടപടികളായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ജനുവരി 17 ന് ആണ് ടെണ്ടർ നൽകാനുള്ള അവസാന തീയതി. ജനുവരി 20 ന് ടെൻഡർ തുറക്കും. ഇതിൽ ഏറ്റവും കുറവ് തുക ക്വോട്ട് ചെയ്ത വ്യക്തിയുമായി കരാർ ഉറപ്പിക്കും. പുതിയ പാലത്തിനായി 2.60 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. റാന്നി ബ്ലോക്ക്പടി – മേലുകര – കോഴഞ്ചേരി പ്രധാന പാതയിലെ പുതമൺ പെരുന്തോടിനെ കുറുകെയുള്ള പാലം അപകടാവസ്ഥയിലായത് കഴിഞ്ഞ വർഷമാണ്. കാലപ്പഴക്കം ചെന്ന പാലത്തിൻ്റെ ബീമിന് ഒടിവ് സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതർ പാലം പരിശോധിച്ചു. അടിത്തറയ്ക്ക് ഉൾപ്പെടെ ബലക്ഷയം കണ്ടെത്തിയതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു.
പ്രധാന പാതയിലൂടെ ഉള്ള ഗതാഗതം നിരോധിച്ചതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ധനകാര്യ വകുപ്പ് മന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്നാണ് പുതിയ പാലം നിർമ്മിക്കാൻ അടിയന്തിരമായി സർക്കാർ ഫണ്ട് അനുവദിച്ചതും നടപടികൾ വേഗത്തിലാക്കിയതും. 16.9 മീറ്റർ നീളത്തിലുള്ള പാലത്തിന് 11 മീറ്റർ വീതി ഉണ്ട്. രണ്ട് വശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുണ്ട്. വാഹനങ്ങൾക്ക് കടന്നുപോകാൻ 7.5 മീറ്റർ വീതി ലഭിക്കും. ബ്ലോക്ക് പടി – കോഴഞ്ചേരി റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാനായി 30.80 ലക്ഷം രൂപ മുതൽമുടക്കി പെരുന്തോടിന് കുറുകെ നിർമ്മിക്കുന്ന താത്ക്കാലിക പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നു.