റാന്നി: റാന്നി പാലത്തിൻറെ ടെൻഡർ നടപടിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 45.10 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി ആകെ അനുവദിച്ചിരിക്കുന്നത്. പാതിവഴിയിൽ നിർത്തിയ റാന്നി പാലം നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയതനുസരിച്ച് മന്ത്രി ആയതിന്റെ ആദ്യ ദിവസം തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം സന്ദർശിക്കുകയും തുടർനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പ്രത്യേക താൽപര്യം എടുത്താണ് പാലം നിർമ്മിക്കുന്നതിനായി അധിക തുക അനുവദിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്താണ് റാന്നി പാലത്തിന് സമാന്തരമായി പുതിയൊരു പാലം പമ്പാനദിക്ക് കുറുകെ നിർമ്മിക്കാൻ സർക്കാർ അനുമതിയായത്.
പുതിയ പാലവും അപ്പ്രോച്ച് റോഡും നിർമ്മിക്കുന്നതിനായി 26 കോടി രൂപയാണ് അന്ന് അനുവദിച്ചിരുന്നത്. കിഫ്ബി മുഖാന്തിരം ഇതിൻറെ നിർമ്മാണവും ആരംഭിച്ചിരുന്നു. അങ്ങാടി പഞ്ചായത്തിൽ ഉപാസന കടവ് മുതൽ പേട്ട വരെയും റാന്നി പഞ്ചായത്തിൽ ബ്ലോക്ക് പടി – രാമപുരം റോഡും ആണ് പാലത്തിൻറെ അപ്പ്രോച്ച് റോഡായി തിര ഞ്ഞെടുത്തിരുന്നത്. ബ്ലോക്ക് പടി രാമപുരം റോഡിന് ഒന്നര കിലോമീറ്റർ ഓളം ദൂരം വരും. 2020ൽ ആരംഭിച്ച പാലം നിർമ്മാണം അപ്പ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകിയതോടെ ഇടയ്ക്ക് വെച്ച് നിർത്തേണ്ടിവന്നു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയായപ്പോൾ നിരന്തരം ഇടപെട്ടാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ധൃതഗതിയിലാക്കിയത്. വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകി. 14 കോടിയിലധികം രൂപയാണ് സ്ഥലം ഏറ്റെടുക്കലിനായി ചിലവഴിച്ചത്. നോട്ടിഫിക്കേഷന് ശേഷം കൈമാറ്റം ചെയ്യപ്പെട്ടതും തർക്കമുള്ളതുമായ ഭൂമികളുടെ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവെച്ചു.
ഭൂ ഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കി കോടതിയിൽ നിന്നും നഷ്ടപരിഹാര തുക വാങ്ങാം. വസ്തു ഏറ്റെടുക്കൽ ബാധ്യതകൾ തീർന്നതോടെയാണ് പാലം നിർമ്മാണം ടെൻഡർ നടപടിയിലേക്ക് നീങ്ങിയത്. റാന്നി, അങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം യാഥാർത്ഥ്യമാകുന്നതോടെ നിലവിലുള്ള പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായി ഒരു പാത കൂടെ തീരും. ഇത് റാന്നിയിലെയും ഇട്ടിയപ്പാറയിലെയും അങ്ങാടിയിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. റാന്നിയുടെ പുതിയ ടൗൺ പ്ലാനിങ്ങിന് പുതിയ പാലം സഹായമാകുമെന്നും എം എൽ എ പറഞ്ഞു.