റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജനകീയ ജലസംരക്ഷണ പരിപാലന പദ്ധതി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 12 ഗ്രാമപഞ്ചായത്തുകളിലും ജല സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനത്തിലൂടെ ആയിരിക്കും പദ്ധതി നടപ്പാക്കുക. പഞ്ചായത്തുകൾ, വിദ്യാർത്ഥികൾ. യുവജനങ്ങൾ, കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക ജില്ലാ കളക്ടർ ആയിരിക്കും. പമ്പ, മണിമല, കല്ലാർ, കക്കാട്ടാർ എന്നിങ്ങനെ നാല് നദികളും ഒട്ടേറെ വലിയ തോടുകളും നീർച്ചാലുകളും ഉള്ളപ്പോഴും വേനൽക്കാലത്ത് അതിരൂക്ഷമായ ജലക്ഷാമമാണ് റാന്നിയിലെ ജനങ്ങൾ അനുഭവിക്കുന്നത്.
മലയോരമേഖലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ജൽജീവൻ പദ്ധതി ഉൾപ്പെടെ ലക്ഷ്യമിടുന്നുണ്ടെങ്കിലും പൂർണ്ണമായ പരിഹാരം കാണാൻ കഴിയുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് സംസ്ഥാന ലാൻഡ് ഡ്യൂസ് ബോർഡിൻറെ നേതൃത്വത്തിൽ റാന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലേയും പ്രകൃതി ജലത്തിൻറെ ലഭ്യത മഴയുടെ അളവ് ഭൂമിയുടെ ചരിവ് മണ്ണിന്റെ ഘടന ഉൾപ്പെടെ ശാസ്ത്രീയമായി പഠിച്ച വിശദമായ ഒരു മാർഗ്ഗരേഖ തയ്യാറാക്കും. ഓരോ പ്രദേശത്തും നടപ്പിലാക്കേണ്ട ജലസംരക്ഷണ പ്രവർത്തനങ്ങളും മറ്റ് പദ്ധതികളും ജനകീയമായി നടപ്പാക്കും.
കേരളത്തിനായി മാതൃകയാകുന്ന ജനകീയ ജല സംരക്ഷണ പദ്ധതി എന്ന നിലയിലാണ് ഈ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്. വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും പങ്കാളിത്തമായിരിക്കും മറ്റൊരു വലിയ സവിശേഷത. പദ്ധതിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ 19ന് രാവിലെ 10 30 മുതൽ ഒരു മണി വരെ ഒരു വർഷോപ്പ് റാന്നി – നിലയ്ക്കൽ ഭദ്രാസനത്തിന്റെ മന്ദിരം പടിയിലുള്ള തപോവൻ അരമനയോട് അടുത്തുള്ള കലമണ്ണിൽ ഉമ്മനച്ചൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.