റാന്നി: അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്തിക്കയം – കടുമീൻചിറ റോഡ് 3.08 കോഴി രൂപ ചിലവഴിച്ച് പുനരുദ്ധരിക്കാൻ അനുമതി കിട്ടിയത്. റോഡിൻറെ നിർമ്മാണം ഏകദേശം പൂർത്തിയായെങ്കിലും പ്രവർത്തിയിൽ ഉൾപ്പെട്ടിരുന്ന അത്തിക്കയം പഴയ പാലത്തിൻറെ നിർമ്മാണം കരാറുകാരന്റെ അനാസ്ഥ കാരണം അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനിടെ പാലത്തിൻറെ ഇരുവശത്തുള്ള അപ്രോച്ച് റോഡ് തകർന്ന് ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. കൂടുതൽ മണ്ണിടിഞ്ഞ് പോകുന്ന സാഹചര്യത്തിൽ നാട്ടുകാർ ഇടപെട്ട് താൽക്കാലിക സംരക്ഷണഭിത്തി നിർമ്മിച്ചാണ് ഇപ്പോൾ പാലത്തിൻറെ അപ്രോച്ച് റോഡ് നിലനിർത്തിയിരിക്കുന്നത്.
അപ്രോച്ച് റോഡ് തകർന്ന് പാലത്തിലൂടെയുള്ള യാത്ര അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് നിരവധി തവണ കരാറുകാരനോട് റീ ബിൽഡ് കേരള ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നിർമ്മാണം ആരംഭിക്കാൻ ഇയാൾ തയ്യാറായില്ല. എം എൽ എ ഇടപെട്ട് കരാറുകാരനുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും പ്രയോജനം കണ്ടില്ല. ഇതോടെയാണ് ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയത്. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഒഴിവാക്കിയിരിക്കുന്നത്. തുടർന്നുള്ള സർക്കാരിൻറെ ഒരു പ്രവർത്തിയും ഇയാൾക്ക് ഏറ്റെടുത്ത് ചെയ്യാൻ കഴിയില്ല. നിലവിലുള്ള എല്ലാ കരാറുകളിൽ നിന്നും ഇയാളെ ഒഴിവാക്കുകയും ചെയ്യും.
കരാർ റദ്ദ് ചെയ്ത സാഹചര്യത്തിൽ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണം വീണ്ടും ടെൻഡർ ചെയ്യാനാകും. അത്തിക്കയം ടൗണിൽ നിന്നും നാറാണം മൂഴി പഞ്ചായത്തിന്റെ ഉൾഭാഗത്തേക്ക് പോകുന്ന ഈ പാത ആയിരക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്. പാലം പണികൂടി പൂർത്തിയായാൽ ഇതുവഴി തീരദേശ ഹൈവേ നിർമ്മിക്കാനും ബസ് സർവീസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്താനും കഴിയും.