റാന്നി : കുട്ടികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ. ബസ് സർവീസ് ഇല്ലാത്തതിനാൽ നാറാണംമൂഴി കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വെച്ചുച്ചിറ പഞ്ചായത്തിലെ കോളനി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലേയും കുട്ടികളുടെ യാത്രാ ക്ലേശത്തിനാണ് എംഎൽഎ പരിഹാരം കണ്ടത്. ഇതിനായി പൊതുപ്രവർത്തകരുടെയും സ്കൂൾ അധികൃതരുടെയും കെഎസ്ആർടിസി അധികൃതരുടെയും സംയുക്ത യോഗം എംഎൽഎ തന്നെ വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിലാണ് മറ്റ് സർവീസുകൾക്ക് വ്യത്യാസം വരാത്ത രീതിയിൽ രാവിലത്തെ ബസ് ബസ്സുകൾ കുട്ടികൾക്ക് പ്രയോജന സ്കൂളുകളിലേക്ക് കൂടി നീട്ടാൻ നടപടിയായത്.
അടുത്ത ചൊവ്വാഴ്ച മുതൽ ഇത്തരത്തിൽ സർവീസ് നടത്താമെന്ന് ഡിടിഒ യോഗത്തിൽ ഉറപ്പ് നൽകി. റാന്നിയിൽ നിന്നും മണ്ണടിശാലയ്ക്ക് 9 ന് വരുന്ന സർവ്വീസ് കടുമീൻചിറയ്ക്ക് നീട്ടും. ഇതുവഴി ഈ ഭാഗത്തുനിന്നുള്ള കുട്ടികൾക്ക് സ്കൂളിൽ പോകാൻ സൗകര്യമാകും. കുട്ടികൾ ഇപ്പോൾ എരുമേലി വഴി കറങ്ങിയാണ് വരുന്നത്. എട്ടുമണിക്ക് നവോദയ ജംഗ്ഷനിൽ എത്തുന്ന കെ എസ് ആർ ടി സി ബസ് ചാത്തൻതറ വരെ നീട്ടും. മുക്കൂട്ടുതറയിൽ നിന്ന് മണ്ണടിശാലയിൽ രാവിലെ എട്ടരയ്ക്ക് വരുന്ന പോലെ ബസ് സർവീസ് ആരംഭിക്കുന്ന കാര്യം പിന്നീട് പരിഗണിക്കും.