റാന്നി: എഴുമറ്റൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് സമയബന്ധിതമായി പരിഹാരം കാണണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. പടുതോട് പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ള വിതരണമാണ് എഴുമറ്റൂരിൽ ഇപ്പോഴുള്ളത്. ട്രാൻസ്ഫോർമറിന്റെ ശേഷി കുറവായതിനാൽ കൃത്യമായി പമ്പിംഗ് നടക്കാറില്ല. ഇത് പരിഹരിക്കുന്നതിന് പുതിയ ട്രാൻസ്ഫോമർ വെയ്ക്കുന്നതിന് വാട്ടർ അതോറിറ്റി കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള ഫണ്ട് പഞ്ചായത്ത് നൽകും. പഞ്ചായത്ത് ഫണ്ട് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി മുൻകൂർ ട്രാൻസ്ഫോമർ സാധിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയറോട് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.
എഴുമറ്റൂർ പഞ്ചായത്തിൽ നദികൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇവിടങ്ങളിലെ പാറമടകളിൽ പാറകൾ പൊട്ടിച്ച് മാറ്റിയ കുളങ്ങളിലെ വെള്ളം ജലവിതരണത്തിന് ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായി ആരോഗ്യ വകുപ്പ് വെള്ളത്തിൻറെ ഗുണനിവാരം പരിശോധിക്കും. അടിയന്തിരമായി കുടിവെള്ള വിതരണം നടത്താൻ കഴിയുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി എത്രയും വേഗം ജലവിതരണം ഉറപ്പാക്കണമെന്ന് എംഎൽഎ നിർദേശം നൽകി. നിലവിൽ സാവകാശം പോകുന്ന ജൽ ജീവൻറെ പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും എംഎൽഎ നിർദ്ദേശം നൽകി. എംഎൽഎ യെ കൂടാതെ പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ ജേക്കബ് വൈസ് പ്രസിഡൻ്റ് സാജൻ മാത്യു, എക്സിക്യൂട്ടീവ് എൻജിനീയർ എസ് കാർത്തിക എന്നിവർ പങ്കെടുത്തു.