ഇന്നത്തെ കാലത്ത് എല്ലാ വീട്ടിലും ഉണ്ടായിരിക്കുന്ന ഒരു പ്രധാന ഇലക്ട്രോണിക് ഉപകരണമാണ് റഫ്രിഡ്ജറേറ്ററുകൾ. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണയായി പുറത്ത് സൂക്ഷിക്കുന്നതിലും കൂടുതൽ നാൾ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ റഫ്രിഡ്ജറേറ്ററുകൾ നമ്മളെ സഹായിക്കും. എന്നാൽ ഗുണം മാത്രമല്ല ചില ദോഷങ്ങളും ഇത്തരത്തിൽ ഫ്രിഡ്ജിന്റെ ഉപയോഗം മൂലം ഉണ്ടായേക്കാം. ഇന്ന് രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നുകൂടിയാണ് അമിതവണ്ണം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കനുസരിച്ച് 2019-ൽ 135 ദശലക്ഷത്തിലധികം അമിതവണ്ണം ഉള്ളവർ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ജീവിത ശൈലിയിലെ മാറ്റം, ഫാസ്റ്റ് ഫുഡുകളുടെ കടന്നു കയറ്റം എന്നിവയും അമിത വണ്ണം പെരുകാൻ കാരണമായിട്ടുണ്ട്. എന്നാൽ ഫ്രിഡ്ജ് എങ്ങനെ നമ്മുടെ ആരോഗ്യത്തിൽ ഇടപെടുന്നു എന്ന് പരിശോധിക്കാം.
വീടുകളിൽ ഫ്രിഡ്ജുകൾ എത്തിയതോടെ ഭക്ഷണം കൂടുതലായി സംഭരിക്കാൻ തുടങ്ങി. സംസ്‌കരിച്ച ഭക്ഷണങ്ങൾ കൂടുതൽ നേരം സൂക്ഷിക്കാൻ ഫ്രിഡ്ജിനെ പലരും ഉപയോഗിക്കും. ഇത് ജനങ്ങൾക്കിടയിൽ സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കാൻ കാരണമായി. ഇങ്ങനെ കലോറി ഉപയോഗം വർധിച്ചു. മാത്രമല്ല ഫ്രിഡ്ജിൽ അധിക നേരം സൂക്ഷിക്കുന്ന ഭക്ഷണങ്ങൾക്ക് പോഷകമൂല്യം കുറയും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ നോർമ്മൽ രീതിയിലുള്ള ഫ്രിഡ്ജിന്റെ ഉപയോഗം മനുഷ്യന് വലിയ ദോഷം ചെയ്യുന്നില്ല. എന്നാൽ അമിത ഉപയോഗം ജീവിത ശൈലിരോഗങ്ങളിലേക്ക് നയിച്ചേക്കാം. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷണവും ഭക്ഷണത്തിന്റെ ഗുണവും നഷ്ടപ്പെടുത്തും. റഫ്രിഡ്ജറേറ്ററുകളിലെ താപനിലയിൽ ആഹാര പദാർത്ഥങ്ങളിലെ ബാക്ടീരിയകൾ നിർജ്ജീവ അവസ്ഥയിലാണ്. എന്നാൽ അവ പുറത്തെടുത്ത് വെയ്ക്കുന്നതിലൂടെ അന്തിരീക്ഷ താപനിലയിൽ അവയ്ക്ക് ജീവൻ വെയ്ക്കുന്നു. ഇങ്ങനെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ നമ്മൾ സ്ഥിരമായി കഴിക്കുന്നത് നല്ലതല്ല. അതുകൊണ്ട് ഇവ കഴിക്കുന്നതിന് കുറച്ച് മുമ്പ് പുറത്തെടുക്കുക. തണുപ്പ് കുറഞ്ഞശേഷം ചൂടാക്കി ഉപയോഗിക്കുക. എന്നിരുന്നാലും ഇത് ഒരു ശീലമാക്കരുത്.