തിരുവല്ല : ശ്രീവല്ലഭക്ഷേത്ര ഭരണസമിതിക്കെതിരെ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ആസ്പദമാക്കി ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഏകപക്ഷീയമായി തയ്യാറാക്കിയ റിപ്പോർട്ട് തള്ളിക്കളയുന്നതായും പരാതിക്കാരൻ വി.ശ്രീകുമാറിന് ഗൂഢലക്ഷ്യമുണ്ടെന്നും ഉപദേശകസമിതി ഭാരവാഹികൾ പറഞ്ഞു. ഈ ഉപദേശകസമിതിയുടെ കാലത്ത് അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്നും വരവ്, ചെലവ് കണക്കുകകൾ കൃത്യമായി ഓഡിറ്റുചെയ്ത് ദേവസ്വംബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായി നൽകിയ വിജിലൻസ് റിപ്പോർട്ടിനെതിരെ കോടതിയിൽ പരാതി നൽകി. ഉപദേശകസമിതി മാതൃസമിതി രൂപീകരിച്ചെന്നത് വസ്തുതാവിരുദ്ധമാണ്. ഹൈന്ദവസംഘടനകൾ മുൻകൈയെടുത്ത് വർഷങ്ങൾക്കുമുമ്പേ രൂപീകരിച്ചതാണ് മാതൃസമിതി. പരാതിക്കാരൻ അഡ്‌ഹോക് കമ്മിറ്റി ഭാരവാഹിയായിരുന്നപ്പോൾ രൂപീകരിച്ച മാതൃസമിതിയാണ് ഇപ്പോഴും തുടർന്നുപോരുന്നത്.
അരി കടത്തിയെന്നത് സത്യത്തിന് നിരക്കുന്നതല്ല. വർഷങ്ങൾക്കുമുമ്പ് ആറാട്ടുസദ്യയ്ക്ക് ഒരുതവണ ചോറ് തികയാതെ വന്നു. ഇതൊഴിവാക്കാൻ പിന്നീടുള്ള വർഷങ്ങളിൽ ആവശ്യത്തിൽ കൂടുതൽ അരി ഇറക്കിവെയ്ക്കുകയും സദ്യകഴിഞ്ഞു അധികമുള്ള അരി തിരിച്ച് നൽകുകയുമാണ് പതിവ്. ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കൃത്യമായ കണക്ക് സാദ്ധ്യമല്ലാത്തതിനാലും ഒരുഭക്തനും അന്നദാനം മുടങ്ങരുതെന്ന കാരണത്താലും മുൻവർഷത്തെപ്പോലെ അധികമായി അരി ഇറക്കിവെച്ചു. അങ്ങനെ അധികമായിവന്ന ഒരുചാക്ക് അരി വ്യാപാരസ്ഥാപനത്തിലെ ജീവനക്കാർ തിരികെ കൊണ്ടുപോകുമ്പോൾ പരാതിക്കാരൻ വിജിലൻസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇക്കാര്യങ്ങൾ വിജിലൻസ് സംഘത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല. ക്ഷേത്രകാര്യങ്ങളിൽ സജീവമായ ഒരു വൃദ്ധയെ പ്രതിസ്ഥാനത്ത് നിറുത്തി ഉപദേശകസമിതിയെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു വിജിലൻസ് ചെയ്തത്.
ദേവസ്വംബോർഡിന്റെ അനുമതിയില്ലാതെ ഉത്സവനോട്ടീസ് പുറത്തിറക്കിയെന്ന ആരോപണവും ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ്. ബോർഡിനെ അറിയിച്ചു തന്നെയാണ് ഉത്സവനോട്ടീസ് പുറത്തിറക്കിയത്. ഉത്സവത്തിനുള്ള കൂപ്പണുകളും ബോർഡ് സീൽചെയ്ത് തന്നു. ഇക്കാര്യങ്ങൾ കോടതിയിലും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ടിലെ മറ്റുകാര്യങ്ങളുമായി ഉപദേശസമിതിക്ക് ബന്ധമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ബി.ശ്യാമും പരാതിക്കാരനുമായി അവിശുദ്ധബന്ധമുണ്ട്. പരാതിയിലെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാതെ അതേപോലെ വിജിലൻസ് റിപ്പോർട്ടിലും രേഖപ്പെടുത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. പരാതിക്കാരന്റെ ഫോൺ സംഭാഷണങ്ങളും ബോർഡിലെ ഇടപാടുകളുമെല്ലാം അന്വേഷിക്കണം. ഉപദേശകസമിതിയുടെ കാലാവധി ബോർഡ് നീട്ടിക്കൊടുക്കേണ്ട ദിവസം അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതും അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കാമെന്ന ഗൂഢലക്ഷ്യത്തോടെയാണെന്നും ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.എം.മോഹനൻ നായർ, സെക്രട്ടറി വി.ജെ.സനൽകുമാർ, ഭാരവാഹികളായ ഷാബു രവീന്ദ്രൻ, രാജശേഖരൻ എന്നിവർ അറിയിച്ചു.