കോന്നി : കോടതി കോംപ്ലക്സും ഗുരുനിത്യചൈതന്യയതി സ്മാരകവും ഉൾപ്പടെ കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച സംസ്ഥാന ബഡ്ജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കോന്നിയ്ക്ക് മികച്ച പരിഗണന ലഭിച്ചു. ഗ്രാമീണ റോഡുകളുടെ വികസനത്തിന് തുക വകയിരുത്തിയത് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകും. പഞ്ചായത്ത് തലങ്ങളിൽ ടർഫ് സ്റ്റേഡിയങ്ങൾ നിർമ്മിക്കാനുള്ള നിർദ്ദേശം മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്നതാണ്. വള്ളിക്കോട്ടും മലയാലപ്പുഴയിലും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സുകൾ പ്രഖ്യാപിച്ചത് നാടിന്റെ വികസനത്തിന് വഴിയൊരുക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കോന്നി ടൗണിലെ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ റിംഗ് റോഡ് വരുന്നതിലൂടെ സാധിക്കും.
കോന്നിയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് മിനി സിവിൽ സ്റ്റേഷനിൽ കോടതി കോംപ്ലക്സ് നിർമ്മിക്കുന്നതിന് തുക അനുവദിച്ചതിലൂടെ യാഥാർത്ഥ്യമാകുന്നത്. താലൂക്ക് രൂപീകരണം കഴിഞ്ഞ് വർഷങ്ങളായെങ്കിലും നീതിന്യായ വ്യവസ്ഥയിൽ നാഴികക്കല്ലാകേണ്ട കോടതികൾ ആരംഭിക്കാനുള്ള നടപടികൾ അനന്തമായി നീളുകയായിരുന്നു. ബഡ്ജറ്റിൽ തുക വകയിരുത്തിയതോടെ കോടതി സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. കോന്നി താലൂക്കിൽ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾ അനുവദിച്ച് ഹൈക്കോടതി നിർദ്ദേശമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ചെങ്ങന്നൂർ കോടതിയുടെ ഭാഗമായിരുന്ന കോന്നി പ്രദേശം പത്തനംതിട്ടയിൽ കോടതി വന്നതോടെയാണ് അവിടേക്ക് മാറിയത്. പിന്നീട് കോന്നിയിൽ താലൂക്ക് നിലവിൽ വന്നതോടെ പത്തനംതിട്ട, റാന്നി, അടൂർ എന്നീ മൂന്ന് കോടതികളുടെ പരിധികളിലേക്ക് വിഭജിക്കപ്പെട്ടു. ഇത് മൂലം വിവിധ ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരുന്ന കോന്നി നിവാസികൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു. താലൂക്ക് ആസ്ഥാനത്ത് തന്നെ കോടതി കോംപ്ലക്സ് വരുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
കോന്നിയിൽ ജനിച്ച് വിശ്വപണ്ഡിതനായി മാറിയ സന്യാസിയും എഴുത്തുകാരനും തത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യയതിക്ക് ജന്മനാട്ടിൽ സ്മാരകം എന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. യതിയുടെ ജന്മനാടായ അരുവാപ്പുലത്ത് സാംസ്കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് ഏഴുകോടിയും കൂടൽ രാക്ഷസൻ പാറയിൽ യതി സ്മാരകവും ലൈബ്രറിയും നിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ നടരാജ ഗുരുവിന്റെ ശിഷ്യനായിരുന്ന അദ്ദേഹം ഇംഗ്ളീഷിൽ 80 ഉം മലയാളത്തിൽ 120 ഉം കൃതികളും രചിച്ചിട്ടുണ്ട്. സഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിഷ്യൻമാരുണ്ട്. പദ്ധതി നടപ്പാകുന്നതോടെ ജില്ലയിലെ പ്രധാന സാംസ്കാരിക കേന്ദ്രമായി ഇത് മാറും.