പന്തളം : ജനങ്ങളുടെ പ്രയാസത്തിന്റെ ശബ്ദമായി അഫാഫ് സമറയുടെ ഡയറിക്കുറിപ്പ് ശ്രദ്ധ നേടുന്നു. പന്തളം പൂഴിക്കാട് ഗവ. യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അഫാഫ് സമറ യുടെ ഡയറിക്കുറിപ്പിലാണ് സ്വന്തം വീട്ടിലെ വിശേഷങ്ങളുമായി പരിഭവക്കുറിപ്പുള്ളത്. കുടുംബത്തിന്റെയും പരിസരവാസികളുടെയും മാത്രമല്ല പന്തളം പ്രദേശത്തിന്റെ മുഴുവൻ കാർഷിക വിള നശിക്കുന്നതിന്റെ സങ്കടക്കഥകൂടിയാണ് ഡയറിക്കുറിപ്പിൽനിന്ന് പുറംലോകം അറിയുന്നത്. പൂഴിക്കാട്, കുരമ്പാല ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം മൂലം വിളകൾ നശിപ്പിക്കുകയും രണ്ടു കർഷകരുടെ ജീവൻ നഷ്ടമാകുകയും ചെയ്ത ദാരുണ സംഭവങ്ങൾ നടന്ന പ്രദേശത്താണ് പൂഴിക്കാട് സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളും ഉൾപ്പെടുന്നത്.
സ്കൂളിലെ കുട്ടികളുടെ ഭവനങ്ങളിൽ അന്നന്ന് നടന്ന വിശേഷങ്ങൾ ഡയറിക്കുറിപ്പായി എഴുതിക്കൊണ്ടുപോകുന്ന സിലബസാണ് സംയുക്ത ഡയറിക്കുറിപ്പ്. അതിന്റെ ഭാഗമായി അഫാഫയുടെ വീട്ടിൽ അന്ന് വാഴക്കുല വെട്ടുകയും അതിലെ ഒച്ചിന്റെ ശല്യം ഉണ്ടായിരുന്നതിനാൽ വാഴ കൃഷി എല്ലാം വെട്ടിക്കളഞ്ഞെന്നും പച്ചക്കറി കൃഷി, ചീനി, കാച്ചിൽ തുടങ്ങിയവ തുരപ്പൻ എലി മുതലായവയുടെ ശല്യം മൂലം കൃഷിയെല്ലാം നശിച്ചതായി ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ ഡയറിയിലെ വിഷയം. സ്കൂൾ അധ്യാപിക ഡയറിക്കുറിപ്പുകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ കലാധരൻ എന്ന ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഡയറിക്കുറിപ്പ് പുറംലോകം അറിയാൻ കാരണമായത്. തിരുവല്ലയിലെ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥനായ പുഴിക്കാട് ചിറമുടി നോർത്ത്, റഹയിൽ കെ.എഫ്. ഷിജുവിന്റെയും അൻഷാ ജമാലിന്റെയും രണ്ടാമത്തെ മകളാണ് അഫാഫ സമാറ. ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഈസ അഹ്മദ് ബിൻ ഷിജു മൂത്തസഹോദരനാണ്.