കാബൂൾ : താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്. അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയത്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കാബൂളിൽ പ്രവേശിച്ചതായി താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉദ്ദേശമില്ല. സർക്കാർ നേതൃത്വത്തിലുള്ള കെട്ടിടങ്ങൾ സുരക്ഷിതമാണ്. നഗരത്തിൽ നിന്ന് പുറത്തുകടക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള സുരക്ഷിതമായ വഴിയൊരുക്കുമെന്നും താലിബാൻ വ്യക്തമാക്കിയതായി താലിബാൻ വക്താവിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കാബൂളിന് ചുറ്റുമുള്ള പല സ്ഥലങ്ങളിൽ നിന്ന് വെടിയൊച്ച കേൾക്കാം. എന്നാൽ നിലവിൽ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാൻ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാൻ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റിൽ പറയുന്നു. താലിബാൻ ഉടൻതന്നെ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ആശങ്കയ്ക്കിടെ ഇവിടെനിന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം അഫ്ഗാനിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ജലാദാബാദ് താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. ചെറിയ രീതിയിലുള്ള ആക്രമണങ്ങൾ പോലും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ജലാദാബാദ് ഗവർണർ കീഴടങ്ങിയതിനാലാണ് ആക്രമണങ്ങൾ നടക്കാതിരുന്നതെന്നാണ് ഇത് സംബന്ധിച്ച് സർക്കാർ വക്താക്കൾ നൽകുന്ന വിവരം.