കോന്നി : മഴക്കാലം ആരംഭിച്ചതോടെ കോന്നിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം വർധിക്കുന്നു. കോന്നി, ചൈന മുക്ക്, മാരൂർ പാലം, ചേരിമുക്ക്, ആനക്കൂട് ഭാഗം, മാമൂട് തുടങ്ങി നിരവധി പ്രദേശത്തെ ജനങ്ങൾ ഇപ്പോൾ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം മൂലം വലഞ്ഞിരിക്കുകയാണ്. അക്കാറ്റിനപുലിക്ക എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവയെ 2007ലാണ് കോന്നിയിൽ ആദ്യമായി കണ്ടെത്തിയത്. കോന്നിയിലെ തടി മില്ലിലേക്ക് തടി കയറ്റി അയച്ചപ്പോൾ ഇതിൽ ഉണ്ടായിരുന്ന ഒച്ചുകൾ ആണ് പിന്നീട് കോന്നിയിൽ വർധിച്ചത് എന്ന് പറയുന്നു. 1970 പാലക്കാട് ജില്ലയിൽ ആണ് കേരളത്തിൽ ഇവയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. ആറ് മാസങ്ങൾ കൊണ്ട് പൂർണ്ണ വളർച്ച എത്തുന്ന ഇത്തരം ഒച്ചുകൾ ഒട്ടുമുക്കാൽ കാർഷിക വിളകളും നശിപ്പിക്കുകയും കോൺക്രീറ്റ് വരെ തിന്ന് തീർക്കാൻ ശേഷിയുള്ളവയുമാണ്. ഇവയുടെ പുറം തോടിന് കാൽസ്യം ആവശ്യമുള്ളതിനാലാണ് എല്ലുകൾ, കോൺക്രീറ്റ് എന്നിവ ഇത് ഭക്ഷിക്കുന്നത്.
എണ്ണായിരത്തോളം പല്ലുകൾ ഉള്ള റാടുല എന്ന ശരീര ഭാഗമാണ് ഇതിനെ കോൺക്രീറ്റ് പോലെയുള്ള കട്ടിയുള്ള വസ്തുക്കൾ തിന്നുവാൻ സഹായിക്കുന്നത്. മനുഷ്യരിൽ മസ്തിഷ്ക ജ്വരം പടർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതാണ് ഈ ഒച്ചുകൾ എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ കോന്നിയിൽ അടക്കമുള്ള തദ്വേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോന്നി അടക്കമുള്ള സ്ഥലങ്ങളിൽ മുൻപ് ഓമ്ബുഡ്സ് മാൻ ആവശ്യപെട്ടപ്രകാരം പീച്ചിയിലെ വന ഗവേഷകർ ഈ ഒച്ചിനെ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഇവയിൽ നിന്നും ഉണ്ടാകുന്ന ദ്രവം മനുഷ്യരിൽ വലിയ രോഗങ്ങൾക്ക് കാരണം ആയി തീരുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ഭിത്തി, വീടിന്റെ ഭിത്തി, മതിൽ തുടങ്ങി കോന്നിയിലെ വീടുകൾക്കുള്ളിൽ വരെ ഒച്ചുകൾ താവളം ആക്കിയിരിക്കുകയാണ് ഇപ്പോൾ.