അടിമാലി: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കഴിഞ്ഞ ദിവസം ബോഡിമെട്ട് ചെക്പോസ്റ്റില്‍ തമിഴ്നാട്ടില്‍നിന്ന് പന്നിയെ വാഹനത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ വാഹനം പിന്തുടര്ന്ന് പിടികൂടുകയും പന്നികളെ തമിഴ്നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലയിലെ ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയത്.
അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല. മൃഗസംരക്ഷണ വകുപ്പ്, പോലീസ്, ആരോഗ്യവിഭാഗം എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. ഫാമുകള്‍ അണുമുക്തമാക്കാനും നിര്‍ദേശം നല്കി. പന്നികള്‍ ചത്താലോ രോഗം ഉണ്ടായാലോ ഉടന്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.