കൊൽക്കത്ത: ഭാര്യ ബംഗ്ലാദേശ് പൗരയാണെന്നത് ഭർത്താവ് അറിഞ്ഞത് 14 വർഷത്തിന് ശേഷം. കൊൽക്കത്തയിലെ വ്യവസായിയാണ് ഭാര്യക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ഇന്ത്യൻ പൗരത്വം നേടിയെടുക്കാൻ തന്നെ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഭർത്താവ് ഭാര്യക്കെതിരെ പരാതി നല്‍കിയത്. ബംഗാളിലെ അസൻസോൾ നിവാസിയായ തബിഷ് എഹ്സാൻ (37) 2009 ലാണ് നാസിയ അംബ്രീൻ ഖുറൈഷിയെ വിവാഹം കഴിച്ചത്. ഉത്തർപ്രദേശ് സ്വദേശിയാണെന്നാണ് ഭാര്യയായ നാസിയ അംബ്രീൻ തബിഷിനോട് പറഞ്ഞത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് കുടുംബങ്ങളുടെ സമ്മത പ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. 2022 വരെ ഇരുവരും സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ പിന്നീട് മടങ്ങി വന്നില്ല. തബിഷുമായുള്ള എല്ലാ ആശയവിനിമയവും അവസാനിപ്പിക്കുകയും ചെയ്തു.
അതിനിടെ നാസിയയുടെ കുടുംബം തബിഷ് എഹ്സാനെതിരെ സെക്ഷൻ 498 എ പ്രകാരം കേസ് കൊടുത്തു. പക്ഷേ കൊൽക്കത്തയിലെ അലിപൂർ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ സമയത്താണ് ഭാര്യയുടെ യഥാർഥ പൗരത്വത്തെക്കുറിച്ച് തബീഷ് അറിയുന്നത്. നാസിയ യഥാർത്ഥത്തിൽ ബംഗ്ലാദേശ് സ്വദേശിയാണെന്ന് ബന്ധുക്കളിൽ നിന്നാണ് തബീഷ് മനസിലാക്കിയത്. അതേസമയം, നാസിയ നേരത്തെ ബംഗ്ലാദേശിലെ ഒരു സ്‌കൂൾ അധ്യാപകനെ വിവാഹം കഴിച്ചിരുന്നതായും പിന്നീട് വിവാഹമോചനം നടത്തിയെന്ന വിവരവും ബന്ധുക്കളിൽ നിന്ന് ലഭിച്ചതായും തബീഷ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇതിന് ശേഷമാണ് നാസിയ വിസയില്ലാതെ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയത്. ഇന്ത്യൻ പൗരത്വം ലഭിക്കാനായി തന്നെ ഉപയോഗിച്ചെന്നും തന്റെ വിവാഹം അവരുടെ ഗൂഢാലോചനയുടെ ഭാഗം മാത്രമായിരുന്നെന്നും ഇയാൾ പറയുന്നു.