മുംബൈ: പ്രമുഖ വ്യവസായി അനിൽ അംബാനിക്കു പിന്നാലെ ഭാര്യ ടിന അംബാനിയെയും ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഇന്നു രാവിലെയാണ് ടിന ഇ.ഡിക്കു മുൻപിൽ ഹാജരായത്. റിലയൻസ് എ.ഡി.എ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ ഇന്നലെ ഇ.ഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു .പാൻഡോര പേപ്പേഴ്‌സ് കേസിലാണ് ടിനയെ ഇ.ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരുടെ വിദേശ സ്വത്തുക്കളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ചോദ്യംചെയ്യുന്നുണ്ട്. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഏതാനും ദിവസത്തേക്ക് ടിന ഇളവ് തേടിയിരുന്നു. എന്നാൽ, ഇന്ന് തന്നെ ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയയ്ക്കുകയായിരുന്നു.
അനിലിന്റെയും ടിനയുടെയും വിദേശസ്വത്തുക്കളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്നാണ് വിവരം. വിദേശനാണ്യ നിയമം ലംഘിച്ചെന്ന കേസാണ് ഇവർക്കെതിരെയുള്ളത്. ഇവരുടെ പേരിലുള്ള വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. നികുതി വെട്ടിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതായെല്ലാം ഇവർക്കെതിരെ കേസുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇന്നലെ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റ് ഏരിയയിലെ ഇ.ഡി ഓഫിസിലാണ് അനിൽ അംബാനി ചോദ്യംചെയ്യാനായി എത്തിയത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രാവിലെ പത്തു മണിയോടെ ഓഫിസിലെത്തിയിരുന്നു. മണിക്കൂറുകളോളം ചോദ്യംചെയ്യൽ തുടർന്നു.o