പെരുമ്പാവൂര്‍: കാര്‍ഷിക ഗ്രാമമായ കൂടാലപ്പാട് കൊടുവേലിപ്പടിയുടെ ഹൃദയത്തുടിപ്പുകള്‍ അടുത്തറിഞ്ഞ് നൂറ്റിമൂന്നു വയസ്സോളം വാര്‍ദ്ധക്യത്തിന്റെ അലട്ടലുകള്‍ അധികമൊന്നുമില്ലാതെ പ്രസരിപ്പോടെ ജീവിച്ച തെക്കന്‍ ഔസേഫ് അന്നം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. കൂടാലപ്പാട് സെയിന്റ് ജോര്‍ജ്ജ് ഇടവകയിലെ വിശ്വാസിസമൂഹം ഏറെ ബഹുമാനിച്ചിരുന്നു ഈ മുതിര്‍ന്ന തലമുറക്കാരിയെ. സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്തായിരുന്നു ജീവിതം.
കഠിനാധ്വാനം ചെയ്താണ് ജീവിതകാലം കഴിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കൊടുവേലിപ്പടി കവലയില്‍ വന്ന് എല്ലാവരോടും കുശലം പറഞ്ഞ് പോയതാണ്. അടുത്തിടെ കൂടാലപ്പാട് സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഒരുക്കിയ ചടങ്ങില്‍ ഇടവകയിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായി തിരഞ്ഞെടുത്ത് അന്നമ്മ മുത്തശ്ശിയെയായിരുന്നുവെന്ന് വികാരി റവ. ഫാ. പോള്‍ മനയമ്പിള്ളി പറഞ്ഞു.
ഇടവകയുടെ ആദരമേറ്റുവാങ്ങി, സഹവികാരി ഫാ. ജിത്തുവിനു മുമ്പില്‍ കുമ്പസാരിച്ചു, കുര്‍ബ്ബാന സ്വീകരിച്ചു മടങ്ങിയതാണ്. കൂടാലപ്പാട് പോരോത്താന്‍ കുടുംബാംഗമാണ് പരേത. സംസ്കാരം വെള്ളിയാഴ്ച രാവിലെ കൂടാലപ്പാട് ഇടവകപ്പള്ളി സെമിത്തേരിയില്‍ നടന്നു. കൂടാലപ്പാട് ദേശത്തെ തലമുറകള്‍ പലതു കണ്ട കഠിനാധ്വാനിയായിരുന്ന അന്നമ്മ മുത്തശ്ശിയുടെ നിര്യാണത്തില്‍ പൗരാവലി
അനുശോചനം രേഖപ്പെടുത്തി.