തിരുവനന്തപുരം: നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതാണെങ്കില് ഏതുതരം എതിര്‍പ്പിനെയും വകവയ്ക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനുശേഷം ലോകമാകെ മാറുകയാണ്. ഇന്ന് ലോകമാകെ കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കിയിട്ടുണ്ട്. വ്യവസായങ്ങള്‍ പലതും പലേടത്തായി മാറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്. നമ്മള് ശ്രമിച്ചാല്‍ കുറേ വ്യവസായങ്ങള്‍ ഇങ്ങോട്ടു കൊണ്ടുവരാനാകും. അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി എംബസികളെ ബന്ധപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള ഇവിടുത്തെ വ്യവസായികള്‍, ഇവിടെ വ്യവസായം നടത്തുന്ന മറ്റു രാജ്യങ്ങളിലുള്ളവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഇതിനായി രൂപീകരിക്കുന്നുണ്ട്. അതുവഴി അവിടെയുള്ള സ്ഥാപനങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കാനും നിക്ഷേപങ്ങള്‍ കൊണ്ടുവരാനുമാണ് ശ്രമം – മുഖ്യമന്ത്രി പറഞ്ഞു.