കുമരകം : നെല്ലുസംഭരണം വൈകിക്കുന്നതിനു പിന്നാലെ കർഷകർക്കു പിആർഎസ് (പാഡി റസീപ്റ്റ് ഷീറ്റ്) നൽകുന്നതും വൈകിക്കുന്നതിൽ പ്രതിഷേധം. നെല്ലു സംഭരിക്കുമ്പോൾ സപ്ലൈകോ കർഷകർക്കു പണത്തിനു പകരമായി നൽകുന്ന രസീതാണു പിആർഎസ്. സംഭരണത്തിനു ശേഷം കാലതാമസം ഇല്ലാതെ നെല്ലിന്റെ വില കർഷകർക്കു വേഗത്തിൽ ലഭ്യമാക്കുന്നതിനാണു സപ്ലൈകോ ഈ പദ്ധതി നടപ്പാക്കിയത്. നെല്ലു സംഭരിക്കുമ്പോൾത്തന്നെ കർഷകർക്കു പിആർഎസ് നൽകണമെന്നാണു ചട്ടം. സംഭരണം നടത്തുന്ന മില്ലുകൾ വഴിയാണു പിആർഎസ് കർഷകർക്കു നൽകുന്നത്. നെല്ലു സംഭരിച്ചു പോയി ഒരാഴ്ചയിലേറെ കഴിയുമ്പോഴാണു ചില മില്ലുകൾ പിആർഎസ് നൽകുന്നത്. ഇങ്ങനെ താമസിച്ചു പിആർഎസ് നൽകുമ്പോൾ നെല്ലു നൽകിയതിന്റെ മുൻഗണന കർഷകർക്കു നഷ്ടപ്പെടും.
തിരക്കു പറഞ്ഞ് പിആർഎസ് വൈകിക്കുന്നു
- മില്ലുകാർ പിആർഎസ് നൽകുന്ന ദിവസത്തെ തീയതിയാകും അതിൽ രേഖപ്പെടുത്തുക. ഒരു പാടശേഖരത്തെ എല്ലാ കർഷകർക്കും ഒന്നിച്ചാണു പലപ്പോഴും പിആർഎസ് നൽകുക. നെല്ലുസംഭരണത്തിലെ തിരക്കു പറഞ്ഞാകും മില്ലുകൾ പിആർഎസ് വൈകിപ്പിക്കുന്നത്.മില്ലുകാർ നൽകുന്ന പിആർഎസ് സപ്ലൈകോയിൽ പാടശേഖര സമിതി കൃത്യമായി എത്തിച്ചില്ലെങ്കിൽ അവിടെയും നെല്ലിന്റെ വില കിട്ടുന്നതിനുള്ള മുൻഗണന നഷ്ടമാകും. സപ്ലൈകോയിലെ നടപടി പൂർത്തിയാക്കി കൊച്ചിയിലെ ഓഫിസിലേക്കു കർഷകരുടെ ലിസ്റ്റ് അയയ്ക്കും. അവിടെ നിന്നു ലിസ്റ്റിലെ തീയതിയുടെ ക്രമത്തിൽ പണം നൽകേണ്ട കർഷകരുടെ വിവരങ്ങൾ പിആർഎസ് സ്കീമിലുള്ള ബാങ്കുകളിലേക്ക് അയയ്ക്കും. തുടർന്നു പിആർഎസുമായി കർഷകർ ബാങ്കിലെത്തി പണം കൈപ്പറ്റുന്നതാണു രീതി.