പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള ചൂഷണവും അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ദിനാചരണങ്ങള്‍ സംഘടിപ്പിക്കുന്നത് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുന്നതിനും വയോജനങ്ങള്‍ക്ക് സൗഹൃദപരമായ അന്തരീക്ഷം ഭാവിയില്‍ സമൂഹത്തില്‍ ഉണ്ടാകുന്നതിനും ഏറെ സഹായകമാണെന്ന് അവര്‍ പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി വയോജന സംരക്ഷണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിശദാംശം ഉള്‍പ്പെടുത്തിയ സാമൂഹ്യനീതി വകുപ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംല ബീഗം, ജില്ലയിലെ വയോജനകമ്മിറ്റി മെമ്പര്‍മാരായ ബി. ഹരികുമാര്‍, വി.ആര്‍ ബാലകൃഷ്ണന്‍, പത്തനംതിട്ട പ്രൊബേഷന്‍ ഓഫീസര്‍ ജി.സന്തോഷ്, വയോമിത്രം ജില്ലാ കോ-ഓഡിനേറ്റര്‍ എ.എല്‍ പ്രീത , മൗണ്ട് സിയോണ്‍ കോളേജ് അസി. പ്രൊഫസര്‍ ആതിര രാജ് എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ഗവ.ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ. എസ് മീന, അഡ്വ. ശ്രീജിത്ത് സോമശേഖരന്‍, ആര്യ ദേവി, എസ് ആശ എന്നിവര്‍ വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നയിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മൗണ്ട് സിയോണ്‍ ലോ കോളജ് കുട്ടികള്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജില്ലാ ഓഫീസര്‍ പ്രതാപ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലുടനീളം വാഹനപ്രചരണവും സംഘടിപ്പിച്ചു.