കോന്നി : വന്യമൃഗ ശല്യം മൂലം ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്ന കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹന ചെലവും സമയനഷ്ടവും ഒഴിവാക്കുന്നതിനായി അരുവാപ്പുലം കേന്ദ്രമായി പുതിയ കാർഷിക വിപണന കേന്ദ്രം ആരംഭിക്കണമെന്ന് പ്രദേശത്തെ കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കർഷക സമിതിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമതിക്ക് നിവേദനം നൽകി. അരുവാപ്പുലം മേഖലയിലെ അന്‍പതോളം കര്‍ഷകരുടെ കൂട്ടായ്മയാണ് ആവശ്യം ഉന്നയിച്ചത്. കൊക്കാതോട്, കല്ലേലി, അരുവാപ്പുലം ഐരവണ്‍ മേഖലയില്‍ കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ചു വരുന്ന പരമ്പരാഗത കര്‍ഷകര്‍ നിരവധി ഉണ്ട്. മുന്‍പ് കല്ലേലിയില്‍ മാതൃകാ ചന്ത പ്രവര്‍ത്തിച്ചു വന്നിരുന്നു.
കൃഷി ആവശ്യങ്ങള്‍ക്ക് ഹാരിസന്‍ മലയാളം കമ്പനിയ്ക്ക് സര്‍ക്കാര്‍ പാട്ട വ്യവസ്ഥയില്‍ നല്‍കിയ സ്ഥലത്ത് വര്‍ഷങ്ങളോളം ചന്ത പ്രവര്‍ത്തിച്ചിരുന്നു. അന്ന് കോന്നിയില്‍ നിന്നടക്കം കച്ചവടക്കാര്‍ കല്ലേലി ചന്തയില്‍ വിഭവങ്ങളുമായി എത്തിയ പാരമ്പര്യം ഉണ്ട്. കാലക്രമേണ കല്ലേലി ചന്തയുടെ പ്രതാപം മങ്ങി. ഒടുവില്‍ കല്ലേലി ചന്ത രേഖകളില്‍ മാത്രം ഒതുങ്ങി. അരുവാപ്പുലം കേന്ദ്രമാക്കി കാർഷിക വിപണന കേന്ദ്രംആരംഭിച്ചാല്‍ അത് ഈ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. അതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം എന്നാണ് ആവശ്യം. ജനകീയ ആവശ്യം മുന്‍ നിര്‍ത്തിയാണ് കര്‍ഷകരുടെ കൂട്ടായ്മ നിവേദനം നല്‍കിയത്.