കാസർഗോഡ് : ജോലിക്കിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസർ പിടിയിൽ. കാസർഗോഡ് ചെങ്കളയിലെ കൃഷി ഓഫീസർ അജി പി.ടി ആണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലൻസിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘം ഇയാളിൽ നിന്ന് അയ്യായിരം രൂപയും പിടിച്ചെടുത്തു. വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെങ്കള മേഖലയിലുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കൈക്കൂലി സംബന്ധിച്ച പരാതിയുമായി എത്തിയത്.
പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട ഒരു മാസത്തെ തുക ഓഫീസർക്ക് നൽകണം എന്നായിരുന്നു ആവശ്യം. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തിൽ നിന്ന് ഒരു മാസത്തെ പണമായ ഏഴായിരം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിൽ അയ്യായിരം രൂപ വാങ്ങിയത് കമ്പ്യൂട്ടർ വർക്കുകൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്. ബാക്കി രണ്ടായിരം രൂപ ഉടനെ എത്തിക്കണമെന്ന് നിർദേശവും നൽകിയിരുന്നു. ഒരു കാരണവശാലും പണം നൽകരുതെന്ന് പാടശേഖരം സെക്രട്ടറി പറഞ്ഞുവെന്നും മറ്റൊരാളിൽ നിന്ന് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും പരാതിക്കാരൻ പറയുന്നു.