തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയില്‍ അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി രംഗത്ത്. എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയത്. ഒരു ക്യാമറ 35 ലക്ഷമെന പ്രചരണം തെറ്റാണ്. ഒരു ക്യാമറയുടെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ഒരാള്‍ക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം എ ഐ ട്രാഫിക് ക്യാമറ പദ്ധതിയില്‍ അടിമുടി അഴിമതിയും ദുരൂഹതയുമെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. 232 കോടിയ്ക്ക് 726 ക്യാമറകള്‍ സ്ഥാപിച്ച എ ഐ ട്രാഫിക് പദ്ധതിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. കരാറില്‍ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയര്‍ത്തി. കെല്‍ട്രോണിന് കരാര്‍ നല്‍കിയത് 151. 22 കോടിയ്ക്കാണെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് ആരോപിച്ച ചെന്നിത്തല, കമ്പനികള്‍ക്ക് മുന്‍പരിചയമില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.