ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മന്ത്രിസഭാ രൂപീകരണത്തിന് ബിജെപിയെ കൂട്ടില്ലെന്ന് എഐഎഡിഎംകെ (അണ്ണാ ഡിഎംകെ) തലവൻ എടപ്പാടി കെ പളനിസ്വാമി. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ എൻഡിഎ പ്രവേശനം പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ ഒരാഴ്ചക്കുള്ളിലാണ് നിലപാട് മാറ്റിയത്. ബിജെപിയുമായുള്ള സഖ്യം തെരഞ്ഞെടുപ്പിൽ മാത്രമായിരിക്കുമെന്നും സഖ്യസർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പളനിസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിജയം നേടിയാൽ ഒറ്റക്ക് ഭരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് മുതിർന്ന അണ്ണാ ഡി.എം.കെ നേതാവും രാജ്യസഭാ എം.പിയുമായ തമ്പിദുരൈയും വ്യക്തമാക്കി.
ഏപ്രിൽ 11-ന് ചെന്നൈയിൽ അമിത് ഷാ നടത്തിയ വാർത്താസമ്മേളം ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ടുവർഷത്തെ ഇടവേളക്കു ശേഷം അണ്ണാ ഡിഎംകെയെ എൻഡിഎ മുന്നണിയിൽ എത്തിക്കാൻ കഴിഞ്ഞത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളിൽ ഒരു സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെട്ടു. സഖ്യത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിക്കുകയും ചെയ്തു.