കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടം. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. 1344 ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനത്തില്‍ നിന്നും പുക ഉയരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പറന്നിറങ്ങുമ്പോള്‍ റണ്‍വെയുടെ അവസാന ഭാഗത്ത് നിന്നാണ് വിമാനം തെന്നിമാറിയത്. പാലക്കാപ്പറമ്പ് ഭാഗത്തേക്ക് തെന്നിമാറിയ വിമാനത്തിന്റെ ഒരു ഭാഗം തകര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഇന്ധനം ചോരുന്നതായും വിവരം ഉണ്ട്. സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോയിട്ടുണ്ട്.