ന്യൂഡല്‍ഹി: കടക്കെണിയിലായി വില്‍ക്കാനൊരുങ്ങുന്ന എയര്‍ ഇന്ത്യക്ക് വി.വി.ഐ.പികള്‍ യാത്രചെയ്ത വകയില്‍ 2019 നവംബര്‍ 30 വരെ സര്‍ക്കാര്‍ നല്‍കാനുള്ളത് 822 കോടി രൂപ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ വി.വി.ഐ.പികളുടെ യാത്രക്ക് വിമാനം നല്‍കുന്നത് എയര്‍ ഇന്ത്യയാണ്. വിവിധ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചതിന് 9.67 കോടിയും വിദേശികളായ പ്രമുഖര്‍ സഞ്ചരിച്ചതിന് 12.65 കോടിയും സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ടതുണ്ടെന്ന് റിട്ട. കമ്മഡോര്‍ ലോകേഷ് ബത്രക്ക് ലഭിച്ച വിവരാവകാശ മറുപടിയിലുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യാത്രക്ക് ടിക്കറ്റെടുത്ത വകയില്‍ 526.14 കോടിയും ലഭിക്കേണ്ടതുണ്ട്. ഇതില്‍ 236.16 കോടി മൂന്ന് വര്‍ഷമായി കിട്ടാക്കടമായി നില്‍ക്കുകയാണ്. ഇക്കാരണത്താല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ടിക്കറ്റ് നല്കല് എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കയാണ്. സി.ബി.ഐ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി), ആദായ നികുതി വിഭാഗം, ഇന്റലിജന്‍സ് ബ്യൂറോ, സി.ആര്.പി.എഫ്, തപാല്‍ വകുപ്പ്, റിസര്‍വ് ബാങ്ക് തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ടിക്കറ്റ് എടുത്ത വകയില്‍ പണം കൊടുക്കാനുള്ളത്. എയര്‍ ഇന്ത്യ 8,556 കോടി നഷ്ടത്തിലാണെന്ന് വ്യോമയാന മന്ത്രാലയം 2019 ഡിസംബര്‍ അഞ്ചിന് അറിയിച്ചിരുന്നു.