കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുതിയ സര്‍വീസുകള്‍ നടത്താന്‍ താത്പര്യം അറിയിച്ച് വിമാനക്കമ്പനികള്‍. ക്വാലാംലപൂരിലേക്കും കൊളംബോയിലേക്കുമുള്‍പ്പെടെ പുതിയ സര്‍വീസുകള്‍ നടത്താമെന്ന് കരിപ്പൂരില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിമാനക്കമ്പനികള്‍ വ്യക്തമാക്കി. കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് കരിപ്പൂരില്‍ നിന്നും കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനായി ഉന്നത തലയോഗം ചേര്‍ന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പുറമേ എം പി മാരും വിമാനക്കമ്പനി പ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങേണ്ടതിന്‍റെ ആവശ്യകത ജനപ്രതിനിധികളും വിമാനത്താവള ഡയറക്ടറും കണക്കുകള്‍ നിരത്തി അവതരിപ്പിച്ചു. വരും മാസങ്ങളില്‍ കൂടുതല്‍ സര്‍വീസ് തുടങ്ങാനുള്ള താത്പര്യം വിമാനക്കമ്പനികളും പ്രകടിപ്പിച്ചു. എയര്‍ ഏഷ്യാ ബര്‍ഹാഡ് കരിപ്പൂരില്‍ നിന്നും ക്വാലാലംപൂരിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള ഫിറ്റ്സ് എയര്‍ കരിപ്പൂര്‍ കൊളംബോ ക്വാലാലംപൂര്‍ സര്‍വീസ് നടത്താനുള്ള ആലോചനയിലാണ്. ആകാശ എയര്‍ലൈന്‍സ് ,വിസ്താര എയര്‍ലൈന്‍സ് തുടങ്ങിയവയും കരിപ്പൂരില്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.