കൊച്ചി: ഡിസിപി ഐശ്വര്യ വീണ്ടും വിവാദത്തില്‍. കളമശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പി.എസ്. രഘുവിന് സസ്പെന്‍ഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം.
സ്റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച സംഭവത്തില്‍ പോലീസിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുപോലും അഭിനന്ദനങ്ങള്‍ എത്തിയതിനിടയിലാണ് ഡിസിപിയുടെ വിവാദ നടപടി. പോലീസ് സ്റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കുകയായിരുന്നു രഘു ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം.
പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു എന്ന പേരിലാണ് നടപടി. എന്നാല്‍, ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്കു പിന്നിലെന്നാണ് പോലീസുകാര്‍ക്കിടയിലെ സംസാരം.
കോവിഡ് കാലത്തും മികച്ച സേവനം കാഴ്ച വെച്ചതാണ് കളമശേരി പോലീസ് സ്റ്റേഷന്‍. തെരുവില്‍ ഭക്ഷണമില്ലാതെ കഴിയുന്നവര്‍ക്കും തെരുവു നായകള്‍ക്കും ഭക്ഷണം നല്‍കി മാതൃകയായിരുന്നു. മുന്‍പ്, എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ ഡി സി പി മഫ്തിയില്‍ എത്തിയപ്പോള്‍ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ വിശദീകരണം ചോദിച്ചതും തുടര്‍ന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു.