കോന്നി : കോന്നി ഇക്കോടൂറിസം കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി സവാരി, ബാംബൂ ട്രീ ടോപ് ഹട്ട് എന്നിവിടങ്ങളിലെ അറുപത് വയസായ ജീവനക്കാരെ ഘട്ടം ഘട്ടമായി ഒഴിവാക്കുന്ന തീരുമാനം പുനഃപരിശോധിക്കണം എന്ന് കോന്നി ഇക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ (എ ഐ റ്റി യു സി) ആവശ്യപ്പെട്ടു. തൊഴിലാളികളുടെ വേതനം ജോലി സമയത്തിന് ആനുപാതികമായി 800 രൂപയാക്കി വർധിപ്പിക്കണം. മുൻപ് ഉണ്ടായിരുന്നത് പോലെ തന്നെ ജോലി സമയം ഒൻപത് മണി മുതൽ ആറ് മണിവരെയാക്കി നിജപ്പെടുത്തണം. അശാസ്ത്രീയമായ സമയ ക്രമീകരണം പിൻവലിക്കണം. പിരിഞ്ഞു പോകുന്ന തൊഴിലാളികൾക്ക് ആനുകൂല്യമായി പ്രത്യേക സഹായ നിധി രൂപീകരിക്കണം. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന ആനുകൂല്യങ്ങൾ കോന്നി ഇക്കോ ടൂറിസം സെന്ററിൽ നടപ്പിലാക്കണം. മുഴുവൻ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. പേരുവാലിയിൽ അടവി ട്രീ ടോപ്പ് ഹട്ടിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ദിനങ്ങളിൽ രണ്ട് പേര് വീതം ജോലി ചെയ്യണം എന്നത് ഒരാളാക്കി മാറ്റിയ രീതി ഒഴിവാക്കണം. വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഹട്ടിൽ സ്ത്രീകളെ ഒറ്റക്ക് ജോലിക്ക് നിയോഗിക്കുന്ന രീതി ഒഴിവാക്കണം.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ അടിയന്തിരമായി പുതിയ കുട്ടവഞ്ചികൾ, യൂണിഫോം, മഴ കോട്ട് എന്നിവ എത്തിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുക. കഫെയിൽ അടക്കം കുറഞ്ഞത് 26 ദിവസം തൊഴിലാളികൾക്ക് ജോലി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. നിലവിൽ കോന്നി ആനത്താവളത്തിൽ ജോലി ചെയ്യുന്ന ആനപ്പാപ്പാൻമാർക്ക് ആനപരിപാലനത്തിന് ആവശ്യമായ പരിശീലനം നൽകുക. നിലവിൽ നിർത്തിവെച്ചിരുന്ന ആന സവാരി പുനരാരംഭിക്കുക. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിർത്തിവെച്ചിരിക്കുന്ന ദീർഘ ദൂര സവാരി പുനരാരംഭിക്കുക. മഴക്കാല രോഗങ്ങൾ കൂടി വരുന്ന സമയമായതിനാൽ കോന്നി ആന താവളത്തിലെ ആനപിണ്ടങ്ങൾ യഥാ സമയത്ത് നീക്കം ചെയ്യുകയും ആനപ്പിണ്ടം വാരുന്ന തൊഴിലാളികൾക്ക് മാസത്തിൽ ഒരിക്കൽ എങ്കിലും കൃത്യമായി പരിശോധനകൾ നടത്തുകയും ചെയ്യുക. കോന്നി ഇക്കോ ടൂറിസത്തിന് ചുറ്റിലും പരിസരങ്ങളിലും ഉള്ള അപകടാവസ്ഥയിൽ ഉള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുക.
കോന്നി ആനക്കൂട്ടിൽ ആനകൾ അടിക്കടി ചരിയുന്നത് ഒഴിവാക്കുവാൻ ആന പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുക. കോന്നി ആനത്താവളത്തിന്റെ കെട്ടിടത്തിൽ അനുവദിക്കപ്പെട്ട ജില്ലാ പൈതൃക മ്യൂസിയത്തിന്റെ പുരാവസ്തുക്കൾ കാലഹരണപെടാതെ മ്യൂസിയം സ്ഥാപിക്കുകയോ അല്ലെങ്കിൽ ഇവ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യുക. കോന്നി ആനത്താവളത്തിലും അടവി കുട്ടവഞ്ചി സവാരിയ കേന്ദ്രത്തിലും മന്ദീഭവിച്ച വികസന പ്രവർത്തനങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ നടപ്പിലാക്കുക. അടവി ഗവി ടൂർ പാക്കേജിലേക്ക് രണ്ട് വാഹനങ്ങളിൽ ഒന്ന് നിർത്തലാക്കിയത് പുനരാരംഭിക്കുക.
ആനപ്പിണ്ടം ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ ഫയലുകളും പേപ്പർ കവറുകളും നിർമ്മിക്കുന്നതിനായി തുടങ്ങിയ ഗജരാജ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക. ലക്ഷകണക്കിന് രൂപയുടെ മിഷീനുകൾ ആണ് ഉപയോഗ ശൂന്യമായി നശിക്കുന്നത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജോലിക്കിടെ മരണപ്പെട്ട തുഴച്ചിൽ തൊഴിലാളി സണ്ണിയുടെ കുടുംബത്തിന് ഇക്കോ ടൂറിസം ഇൻഷുറൻസ് കമ്പനിയിൽ നിന്നും മതിയായ നഷ്ട്ടപരിഹാരം വാങ്ങി നൽകുന്നതിന് നടപടി സ്വീകരിക്കുക. കുട്ടവഞ്ചി സവാരി കേന്ദത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ വഴിയറിയാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ മുണ്ടോൻമൂഴിയിൽ പ്രത്യേക കവാടം നിർമ്മിക്കുക. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പ്രത്യേക പാർക്കിങ് ഗ്രൗണ്ട് നിർമ്മിക്കുക. കുട്ടവഞ്ചിയിൽ കയറുവാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കായി ആധുനിക ശുചിമുറികളും വസ്ത്രം മാറുന്നതിനുള്ള മുറിയും നിർമ്മിക്കുക.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേയും ആന താവളത്തിലെയും വനിതാ ജീവനക്കാർക്ക് പ്രത്യേക വിശ്രമ മുറിയും വസ്ത്രം മാറുന്നതിനുള്ള മുറിയും നിർമ്മിക്കുക. വേനൽ കാലത്ത് മതിയായ ജലം ഉപയോഗപെടുത്തി കുട്ടവഞ്ചി സവാരി നടത്തുവാൻ അടവി കുട്ടവഞ്ചി കയറുന്ന കടവിൽ സ്ഥിരം തടയണ നിർമ്മിക്കുക. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ബാംബൂ ഹട്ടിലെ ജീർണ്ണാവസ്ഥ പരിഹരിക്കുക. പേരുവാലി ആരണ്യകം കഫെ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും സുരക്ഷ ഒരുക്കുവാൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വർഷങ്ങൾക്ക് മുൻപ് ലക്ഷ കണക്കിന് രൂപയുടെ ചിലവിൽ അദവിയിൽ നിർമ്മിച്ച ബാംബു ഹോംസ്റ്റെ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുക. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികളുടെ ഇൻസെന്റീവ് അടിയന്തിരമായി വർധിപ്പിക്കണം എന്നും എക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു. വിഷയങ്ങൾ വനം മന്ത്രിയെ അടക്കം അറിയിച്ചിട്ടുണ്ട്. ഇതിൽ അടിയന്തിര തീരുമാനം നടപ്പാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ വമ്പിച്ച പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുവാനും കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചു.