റാന്നി: ധർമ്മ ശാസ്താവെന്നാൽ ധർമ്മത്തിന്റെ ശാസ്താവ് എന്നാണെന്നും ഭക്തരുടെ കർമ്മമെല്ലാം ധർമ്മത്തിലധിഷ്ടിതമായിരിക്കുമ്പോഴാണ് അയ്യപ്പ ധർമ്മം പരിപാലിക്കപ്പെടുന്നതെന്നും ചലച്ചിത്ര താരവും മുൻ രാജ്യസഭാ എം പി യുമായ സുരേഷ് ഗോപി ആറൻമുളയിൽ പറഞ്ഞു. ആറൻമുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ റാന്നി ശ്രീമത് അയ്യപ്പ മഹാസത്രം മാതൃ സമിതി – നാരായണ സമിതി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വരതയിലേക്കുള്ള യാത്ര പൂർണമാകുന്നത് മാനുഷിക മൂല്യങ്ങൾ ഉയർന്നു വരുമ്പോഴാണ്. എന്റെ ഭക്‌തി ഒരിക്കലും ചൂഷണ വിധേയമാകരുത്. ഭക്തൻ ഭഗവത് പാദങ്ങളിലർപ്പിക്കുന്ന പണം ഈശ്വരന്റെ ജനങ്ങളായ ഹരിജനങ്ങൾക്ക് ഉപകരിക്കണം. ശബരിമല കേന്ദ്രീകരിച്ച് ഇത്രയധികം പണം എത്തിയിട്ടും അയ്യപ്പന്റെ പൂങ്കാവനത്തിൽ താമസിക്കുന്ന ഹരി ജനങ്ങൾ എവിടെ നിൽക്കുന്നു എന്ന് കഴിഞ്ഞ ദിവസം നേരിട്ടറിഞ്ഞു. നമ്മുടെ പണം എന്തിന് വേണ്ടി ഉപയോഗിക്കണം എന്ന് നാം തീരുമാനിക്കണം.
ആത്മീയത, ഭക്തി എന്നിവ ചൂഷണത്തിന് വിധേയമാകരുത്. ധർമ്മത്തിന്റെ പാലനമാണ് അയ്യപ്പ സത്രം. കർമ്മത്തിൽ ധർമ്മമുണ്ടായിരിക്കണമെന്ന പാഠങ്ങളാണ് സത്രവേദിയിൽ പഠിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ തനത് ജീവിത രീതി ഏറെ ഭൃശ്യമാക്കുന്ന സ്ഥലമാണ് പത്തനാതിട്ട. അതുകൊണ്ടു കൂടിയാണ് ആദ്യ അയ്യപ്പ മഹാ സത്രം ഇവിടെ നടത്തപ്പെടുന്നത്.
വിദേശരാജ്യങ്ങളിലെ ക്ഷേത്രങ്ങളിൽ ഭക്തി പോലെ പ്രാധാന്യം വൃത്തിക്കുമുണ്ട്. ക്ഷേത്രത്തിന് വൃത്തി സംസ്കാരവും വേണം. സത്ര കാലത്ത് ആഗോള അയ്യപ്പ സംഗമം നടക്കും. അയ്യപ്പന്റെ നാമത്തിൽ ഒരു പണം സമാഹരിച്ച് ഹരിജനങ്ങളെ ഉൾപ്പടെ അശരണരെയും ആലമ്പഹീനരെയും ഉദ്ധരിക്കുന്നതിനുള്ള പദ്ധതിക്ക് യോഗത്തിൽ രൂപകൽപന നൽകുമെന്നു അദ്ദേഹം പറഞ്ഞു. മുതിർന്ന ബി ജെ പി നേതാവ് ബി രാധാകൃഷണ മേനോൻ മുഖ്യ പ്രഭാഷണം നടത്തി. സത്രവേദിയിലും സപ്താഹത്തിലുമൊക്കെയാണ് ശരിയായ ആരാധനാ ക്രമവും മറ്റും ചർച്ച ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീമത് അയ്യപ്പ മഹാസത്രത്തിന് പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻഡ് ജി രാമൻ നായർ, പള്ളിയോട സേവാ സമിതി പ്രസിഡൻസ് കെ എസ് രാജൻ, രാജയോഗിനി ഗീതാ സിസ്റ്റർ, കെ പി അശോകൻ, അയ്യപ്പ സത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത്കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല, പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ പെരുമ്പെട്ടി, മോഹന ചന്ദ്രൻ നായർ കാട്ടൂർ എന്നിവർ പ്രസംഗിച്ചു.