ഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഗാസ മുനമ്പിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും, ഹമാസിനെതിരായ പോരാട്ടത്തിലെ മുന്നേറ്റത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ, മാനുഷിക സഹായം എത്തിക്കുന്നത് തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്‌ച്ചയിൽ ചർച്ചയായതായി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
സമൂഹമാദ്ധ്യമത്തിൽ നെതന്യാഹുവിന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് കൂടിക്കാഴ്‌ച്ചയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ടത്. നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡയറക്ടർ, പ്രധാനമന്ത്രിയുടെ വിദേശനയ ഉപദേഷ്ടാവ്, ഇസ്രായേലിലെ ഇന്ത്യൻ അംബാസിഡർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം ഹമാസിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വിജയം കാണാതെ ഇസ്രായേൽ സൈനികർ മടങ്ങില്ലെന്നുമുള്ള നിലപാട് കഴിഞ്ഞ ദിവസവും നെതന്യാഹു ആവർത്തിക്കുകയും ചെയ്തു.