മുംബൈ: രാഷ്ട്രീത്തിൽ സ്ഥിരമായ ശത്രുവും മിത്രവുമില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ബീഡിൽ പാർട്ടിറാലിയിൽ സംസാരിക്കുമ്പോഴാണ് അജിത് പവാറിന്റെ പരാമർശം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ബി.ജെ.പിക്കൊപ്പം ചേർന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനായാണ് ഈ തീരുമാനമെടുത്തത്. അതുകൊണ്ട് തന്നെ രാക്ഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. എല്ലാ മതത്തിലും ജാതിയിലുമുള്ള ജനങ്ങളെ സംരക്ഷിക്കുകയാണ് നമ്മുടെ കടമയെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
കർഷകർക്കായി നിരവധി വികസന പ്രവർത്തനങൾ ചെയ്യാനുണ്ട്. ആവശ്യത്തിന് വെള്ളമില്ലാതെ കൃഷി ചെയ്യാനാവില്ലല്ലോ. ജലവകുപ്പ് മന്ത്രിയായ കാലത്ത് നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അജിത് പവാർ വ്യക്തമാക്കി.ബി.ജെ.പിയിൽ ചേർന്നെങ്കിലും അജിത് പവാർ പാർട്ടി നേതാവായി തുടരുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിലർ വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ച് എൻ.സി.പി വിട്ടെങ്കിലും അതിനെ പിളർപ്പായി വിശേഷിപ്പിക്കാനാകില്ല. അജിത് പവാർ പാർട്ടിയുടെ മുതിർന്ന നേതാവും എം.എൽ.എയുമാണെന്നും ശരദ് പവാർ പറഞ്ഞിരുന്നു.